dog-chottu

ഓയൂർ: യൂട്യൂബിൽ വൈറലായ ചോട്ടു എന്ന വളർത്തുനായയെ പൊട്ട കിണറിൽ ചത്ത നിലയിൽ കണ്ടെത്തി. വെളിനല്ലൂർ പഞ്ചായത്തിലെ‍ ‍കരിങ്ങന്നൂർ ആറ്റൂർകോണം മുകളുവിള വീട്ടിൽ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള നായ ആണ് ചോട്ടു. കഴി‌ഞ്ഞ ഞായർ മുതൽ നായയെ കാണാതായിരുന്നു.

നായ തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി ദിലീപ്‌കുമാർ പ്രതികരിച്ചു. സാധാരണയായി ചോട്ടു പൊട്ട കിണറിന്റെ ഭാഗത്തേക്ക് വരാറില്ല. ഒരു പക്ഷേ മറ്റ് ഏതെങ്കിലും ജീവിയെ പിന്തുടർന്ന് ഇവിടേക്ക് വന്നതാവാം എന്നും അദ്ദേഹം പറഞ്ഞു. പൊട്ടികരഞ്ഞുകൊണ്ടാണ് ദിലീപ്കുമാർ സംസാരിച്ചത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയിരുന്നില്ല.

ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു. ഏറെ നാളുകളായി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു ചോട്ടു. ജനലിന്റെ വാതിൽ അടയ്ക്കുക, ബൈക്കിന്റെ കീ എടുത്ത് നൽകുക, പത്രം വീട്ടിലെത്തിക്കുക തുടങ്ങിയ പ്രവർത്തികളിലൂടെയാണ് ചോട്ടു തരംഗമായി മാറിയത്. നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനാണ് പൊലീസ് തീരുമാനം.