
സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന വിലാസവുമായി ദുൽഖർ സൽമാൻ സിനിമാ ലോകത്തേക്ക് എത്തിയിട്ട് പത്ത് വർഷം പൂർത്തിയായി ഈ പത്ത് വർഷത്തിനിടയിൽ ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ ഒരിടം സൃഷ്ടിച്ച്, പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിലാസം നേടിയെടുത്തു ദുൽഖർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ ആണ് ദുൽഖർ എന്ന ചെറുപ്പക്കാരനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഡി.ക്യു എന്ന് സ്‌നേഹത്തോടെ ആരാധകർ വിളിക്കുന്ന ദുൽഖർ ഇന്ന് കോളിവുഡും ടോളിവുഡും താണ്ടി ബോളിവുഡിലേക്ക് ചുവടുറപ്പിച്ചു. സെക്കൻഡ് ഷോയ്ക്ക് ശേഷം ഉസ്താദ് ഹോട്ടൽ, തീവ്രം, എ.ബി.സി.ഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാർലി, വിക്രമാദിത്യൻ, ബാംഗ്ലുർ ഡേയ്സ്, കമ്മട്ടിപ്പാടം തുടങ്ങി 30 ലധികം ചിത്രങ്ങൾ. അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ദുഖറിലെ നടന് കഴിഞ്ഞു. മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.
സംവിധായകൻ മണിരത്നത്തിന്റെ ഓ കാതൽ കൺമണിയിലൂടെ തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിലെത്തിയ ദുൽഖർ, മഹാനടി എന്ന ചിത്രത്തിൽ പ്രശസ്ത നടൻ ജെമിനി ഗണേശനെ അവതരിപ്പിച്ച് തെലുങ്ക് സിനിമാ ലോകത്തും സ്ഥാനം ഉറപ്പിച്ചു. കാർവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും. തന്റെ കരിയറിൽ ഏറെ ഉയരത്തിലാണ് ദുൽഖർ ഇപ്പോൾ. വേഫറർ ഫിലിംസ് എന്ന പേരിൽ നിർമ്മാണ കമ്പനിയും ആരംഭിച്ചു. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് ആണ് ദുൽഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്, പ്രശസ്ത കൊറിയോഗ്രഫർ ബൃന്ദയുടെ തമിഴ് ചിത്രം ഹേയ് സിനാമിക, ആർ. ബാൽക്കിയുടെ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി ചിത്രം ചുപ്പ് എന്നിവയാണ് ഈ വർഷം പുറത്തിറങ്ങാനുള്ള ദുൽഖർ സിനിമകൾ. പത്തുവർഷയാത്രയുടെ ആഹ്ളാദത്തിൽ
ദുൽഖർ സമൂഹ മാദ്ധ്യത്തിലൂടെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. 'പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലിൽ വളർന്നു. സൂര്യൻ പിതാവായി, സമുദ്രം എനിക്ക് ഭൂമിയും മഴയും ചിലപ്പോൾ അനുയോജ്യമായ തണലും നൽകി. എനിക്ക് ചുറ്റുമുള്ളവരോടൊപ്പം ഞാൻ വളർന്നു. ഇപ്പോൾ കാറ്റ് എന്നെ അടുത്തേക്കും ദൂരത്തേക്കും വ്യാപിപ്പിക്കുന്നു. എല്ലായിടത്തും പൂക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും അതിരുകളില്ലാത്ത നന്ദി.' ദുൽഖർ കുറിച്ചു.