
ബംഗളൂരു യുവാവ് അറസ്റ്റിൽ
മുംബയ്: ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ അല്ലു അർജുന്റെ 'പുഷ്പ' എന്ന സിനിമ കണ്ട് സാഹസികമായി രക്തചന്ദനം കടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവർ യാസിൻ ഇനയിത്തുള്ളയാണ് 2.45 കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത്. പൊലീസിനെ വെട്ടിച്ച് കർണാടക അതിർത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പൊലീസാണ് പിടികൂടിയത്.
ട്രക്കിൽ രക്തചന്ദനം കയറ്റിയ ശേഷം മുകളിൽ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കിവച്ച് കൊവിഡ് അവശ്യ ഉത്പ്പന്നങ്ങൾ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു തടികൾ ഇയാൾ കടത്തിയതെന്ന് പൊലീസ് പറയുന്നു. കർണാടക അതിർത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പൊലീസാണ് പിടികൂടിയത്. പുഷ്പയിൽ അല്ലു അർജുൻ സാഹസികമായി രക്തചന്ദനം കടത്തുന്ന കഥയാണ് പറയുന്നത്. ചിത്രത്തിൽ രഷ്മിക മന്ദാനയാണ് നായിക.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ സിനിമയിൽ അല്ലു അർജുൻ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദർശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റാവുകയും ചെയ്തു.