temple-bell

ഭാരതത്തിലെ ക്ഷേത്രങ്ങളിലെ ഒരു പ്രധാന വസ്തുവാണ് അമ്പലമണി. ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ തന്ത്രി മണി മുഴക്കാറുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി ഇങ്ങനെ ചെയ്യുന്നു എന്നതിന് അപ്പുറം ഇതിന് പിന്നിൽ ചില ശാസ്ത്ര രഹസ്യങ്ങളും ഉണ്ട്.

അമ്പലമണിക്ക് പിന്നിലെ ഐതിഹ്യം

ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ പ്രതീകമാണ് അമ്പലമണി. അമ്പലമണിയുടെ ഓരോ ഭാഗങ്ങളും വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി ശരീരത്തെ സൂചിപ്പിക്കുമ്പോൾ മണിയുടെ നാവ് ദേവി സരസ്വതിയെയും പിടിഭാഗം പ്രാണശക്തിയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മണി മുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരും. പിന്നീട് ഭക്തന്റെ ആഗ്രഹങ്ങൾ ഭഗവാനിൽ എത്താൻ കൂടുതൽ എളുപ്പമാകുമെന്ന വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പല മണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം വ്യക്തമാക്കുന്നത്.

മനസിനെ ശാന്തമാക്കുന്ന ശാസ്‌ത്രം

കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകത രൂപപ്പെടുത്തുന്നു. മണി മുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചു കയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനിൽക്കും. ഈ ശബ്ദം മനുഷ്യ ശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യ മസ്തിഷ്‌കം കുറച്ച് സമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു. ഇത് ഭഗവാനിൽ പൂർണമായി മനസ് അ‍ർപ്പിക്കാൻ സഹായിക്കും.