
മുംബയ്: അംഗീകാരമില്ലാത്ത ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ (ഇ.ടി.പി) നൽകുന്ന ഫോറെക്‌സ് ട്രേഡിംഗിൽ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. നിരവധി ഇ.ടി.പികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സേർച്ച് എൻജിനുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയും ഗെയ്മിംഗ് ആപ്പുകൾ വഴിയും ഫോറെക്‌സ് ട്രേഡിംഗ് സേവനം നൽകുന്നതിനായി പരസ്യം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർ.ബി.ഐ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
ആനുപാതികമല്ലാത്ത രീതിയിൽ അമിതമായ നേട്ടം വാഗ്ദാനം ചെയ്തുകൊണ്ട് പല ഉപഭോക്താക്കളെയും ഇത്തരം പ്ലാറ്റ്‌ഫോമുകൾ ബന്ധപ്പെടുന്നുണ്ട്. ഇത്തരം ഇടപാടുകളിലൂടെ പണം നഷ്ടമായതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ആർ.ബി.ഐ പറയുന്നത്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 പ്രകാരം പ്രവർത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നു മാത്രമേ ഫോറെക്‌സ് സേവനം തേടാവൂ എന്നാണ് ആർ.ബി.ഐയുടെ നിർദ്ദേശം.
എന്താണ് ഫോറെക്‌സ് ട്രേഡിംഗ് ?
ഫോറിൻ എക്‌സ്‌ചേഞ്ച് ട്രേഡിംഗ് എന്നതിന്റെ ചുരുക്ക രൂപമാണ് ഫോറെക്‌സ് ട്രേഡിംഗ്. അഥവാ വിദേശ നാണയ വിനിമയം. എന്നാൽ വിദേശ നാണയങ്ങൾ മാത്രമല്ല കമ്മോഡിറ്റികളിലും സൂചികകളിലുള്ള നിക്ഷേപവും ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ നടത്താറുണ്ട്. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗിൽ നടക്കുന്നത്. ഇന്ത്യയിൽ കടുത്ത നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഫോറെക്‌സ് ട്രേഡിംഗ് നടത്താൻ സാധിക്കുകയുള്ളൂ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ)യുടെ കീഴിലുള്ളതുമായ ബ്രോക്കർമാർ മുഖേന നടത്തുന്ന ഫോറെക്‌സ് ഇടപാടുകൾക്ക് മാത്രമാണ് രാജ്യത്ത് നിയമപ്രകാരമുള്ള അംഗീകാരം ലഭിക്കുക.