
അമൃത്സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ സഹോദരീ പുത്രൻ ഭൂപേന്ദ്രസിംഗ് ഹണിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. അനധികൃത മണൽഖനനക്കേസിലും കള്ളപ്പണക്കേസിലും എട്ടുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് പത്തിടങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ പത്തരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ഹണിയുടെ വസതിയിൽ നിന്നും എട്ടരകോടി രൂപയും പങ്കാളിയായ സന്ദീപ് കുമാറിന്റെ വസതിയിൽ നിന്ന് രണ്ടു കോടി രൂപയും പിടികൂടിയെന്നാണ് റിപ്പോർട്ട്.
21 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ, സ്വർണം എന്നിവയും 12 ലക്ഷം രൂപയുടെ ആഡംബര വാച്ചുകളും ഹണിയുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ ഇ.ഡി വിളിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ഹണിയെ ജലന്ധർ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പാർപ്പിച്ചു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൊഹാലിയിലെ ഇ.ഡിയുടെ പ്രത്യേക കോടതിയിൽ ഹാജരാക്കി.
പ്രൊവൈഡേഴ്സ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ ഭൂപീന്ദർസിംഗ്, കുദ്രത്ദീപ് സിംഗ്, സന്ദീപ്കുമാർ എന്നിവർ കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനധികൃത മണൽഖനന കേസിലും അന്വേഷണം നേരിടുകയാണെന്നും കമ്പനി ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറയാണെന്നുമാണ് ഇ.ഡിയുടെ ആരോപണം. കള്ളപ്പണം അനധികൃത മണൽ ഖനന കരാറുകളിൽ നിക്ഷേപിക്കുകയാണിവർ ചെയ്തിരുന്നത്. 2018ലാണ് കമ്പനി രൂപീകരിച്ചത്. ആറുമാസത്തിന് ശേഷം കുൽദീപിനെതിരെ പൊലീസ് അനധികൃത മണൽ ഖനനത്തിന് കേസെടുത്തു. പിന്നാലെ ഹണിക്കെതിരെ പഞ്ചാബ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
അറസ്റ്റ് രാഹുൽ എത്താനിരിക്കെ
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായി രാഹുൽ ഗാന്ധി അടുത്ത ദിവസം പഞ്ചാബിലെത്താനിരിക്കെയാണ് അറസ്റ്റ് നടന്നത്. അനധികൃത മണൽ ഖനനം കോൺഗ്രസിനെതിരെ പ്രതിപക്ഷം ശക്തമായ പ്രചാരണായുധമാക്കുകയാണ്. തന്നെ സമ്മർദ്ധത്തിലാക്കാനുള്ള ഈ ശ്രമങ്ങൾ വിലപോകില്ലെന്നാണ് മുഖ്യമന്ത്രി ഛന്നിയുടെ പ്രതികരണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നും തിരഞ്ഞടുപ്പിന് മുന്നോടിയായി തന്നെ അപമാനിക്കാനാണ് ലക്ഷ്യമെന്നും ചരൺജിത്ത് സിംഗ് ഛന്നി നേരത്തെ ആരോപിച്ചിരുന്നു.