
ദുബായ്: ബൗളിംഗ് ആക്ഷനിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്റെ യുവ പേസർ മുഹമ്മദ് ഹസ്‌നൈനെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന (ഐ.സി.സി) വിലക്കി. ഇതോടെ 21 കാരനായ താരത്തിന് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാനാവില്ല. ലാഹോറിൽ നടത്തിയ ബൗളിംഗ് ആക്ഷൻ പരിശോധനയിൽ താരം എറിഞ്ഞ മിക്ക പന്തുകളിലും പ്രശ്നം കണ്ടെത്തി. കഴിഞ്ഞ മാസം ബിഗ്ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിനായി കളിക്കുമ്പോഴായിരുന്നു ഹസ്‌നൈന്റെ ആക്ഷനെതിരെ ആദ്യമായി ആരോപണമുയർന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹസ്‌നൈന്റെ ആക്ഷൻ നിയമ വിധേയമാക്കി മെച്ചെപ്പെടുത്താൻ ബൗളിംഗ് കൺസൾട്ടന്റിനെ നിയോഗിക്കും. ഹസ്‌നൈന് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിന് വിലക്കില്ലെങ്കിലും ആക്ഷനിലെ മുഴുവൻ പോരായ്‌മയും പരിഹരിച്ച് നിയവിധേയമായ ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ കളിച്ചാൽ മതിയെന്ന നിലപാടിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 145 കിലോമീറ്റർ വേഗത്തിൽ തുടർച്ചയായി പന്തെറിയുന്ന താരം പാകിസ്ഥാനായി 8 ഏകദിനങ്ങളിൽ നിന്നും 12 ഉം 18 ട്വന്റി-20യിൽ നിന്ന് 17ഉം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ ശ്രീലങ്കയ്ക്കെതിരെ ട്വന്റി-20യിൽ ഹാട്രിക്കും നേടി.