gghfgh

വാഷിംഗ്ടൺ: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയെന്ന് ഒക്സ്‌ഫോർഡ് ഗവേഷകർ പറഞ്ഞു. വി.ബി വേരിയന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിന് രക്തത്തിൽ മറ്റ് വകഭേദങ്ങളെക്കാൾ 3.5 - 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് കാരണമാകാൻ സാധിക്കും. 1980 - 90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ആധുനിക ചികിത്സാരീതികളിലെ പുരോഗതി മൂലം അപകടകരമായ രീതിയിൽ ഇതുവരെ ഈ വൈറസ് പടർന്നു പിടിച്ചിട്ടില്ലെന്നും ഗവേഷകർ പറയുന്നു. വി.ബി വകഭേദം രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ളതിനാൽ ഈ വകഭേദം ബാധിച്ചവർക്കും ആരോഗ്യനിലയിൽ വേഗം പുരോഗതി കൈവരിക്കാൻ സാധിക്കുന്നുണ്ടെന്നും അതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒക്സ്‌ഫോർഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കി. ഇതുമാത്രമല്ല, ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം അനുസരിച്ച് രോഗം ബാധിക്കാവുന്ന സാഹചര്യത്തിലുള്ളവർ കൃത്യമായ പരിശോധനയും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ചികിത്സയും നേരത്തേ തന്നെ തുടങ്ങുന്നത് രോഗത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിറുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളിൽ 109 പേരിൽ വി.ബി വകേഭേദം കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നത് സാധാരണമാണെന്നും എന്നാൽ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകർ പറയുന്നു.