
വാഷിംഗ്ടൺ : ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് വില്ലൻ പരിവേശം സ്വന്തമാക്കിയ ബെറ്റർ ഡോട്ട് കോം സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ വിശാൽ ഗാർഗ് അവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തിയതിന് പിന്നാലെ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ രാജിവയ്ക്കുന്നുവെന്ന് റിപ്പോർട്ട്. കമ്പനിയുടെ സെയിൽസ്, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന സാറാ പിയേഴ്സ്, കാപ്പിറ്റൽ മാർക്കറ്റ്സ് ആന്റ് ഗ്രോത്ത് സീനിയർ വൈസ് പ്രസിഡന്റ് ഇമാനുവൽ സാന്റ ഡൊനാറ്റോ എന്നിവരാണ് ഏറ്റവുമൊടുവിൽ രാജി വച്ചത്. ഇവരെ കൂടാതെ ബെറ്ററിലെ ബോർഡ് അംഗങ്ങളായ രാജ് ഡേറ്റ്, ദിനേശ് ചോപ്ര എന്നിവർ നേരത്തെ രാജിവെച്ചിരുന്നു. ഇനിയും കൂടുതൽ പേർ രാജി വയ്ക്കുമെന്ന് റിപ്പോർട്ടുണ്ട്. വിശാൽ ഗാർഗ് ജീവനക്കാരെ പിരിച്ചുവിട്ട രീതിയോട് സാറാ പിയേഴ്സിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ആറ് വർഷം ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളുമായ ആളുകളോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. ബെറ്ററിലെ എന്റെ സഹപ്രവർത്തകരോട്, ഞാൻ നിങ്ങളെ മിസ് ചെയ്യും. ബെറ്റർ വിട്ടവരോട് എനിക്ക് പറയാനുള്ളത്,നിങ്ങൾ നിങ്ങളുടെ കരിയറിൽ എടുക്കുന്ന അവിശ്വസനീയമായ ചുവടുകൾ ഏറെ പ്രചോദനം നൽകുന്നവയാണെന്ന് പിയേഴ്സ് ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ ആദ്യമാണ് വിശാൽ ഒരൊറ്റ സൂ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ജോലി നഷ്ടമായവരിൽ ഭൂരിഭാഗവും ഇന്ത്യയിലേയും അമേരിക്കയിലേയും ജീവനക്കാരാണ്. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് വിശാൽ രംഗത്തെത്തി. തുടർന്ന് കമ്പനി ബോർഡ് യോഗം വിളിച്ച് വിശാലിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.