
 ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
കല്ലമ്പലം: മാസങ്ങളായുള്ള തർക്കവും വൈരാഗ്യവും പെട്ടെന്നുള്ള പ്രകോപനവുമാണ് കല്ലമ്പല്ലത്ത് സുഹൃത്തുക്കളായ മൂന്നുപേരുടെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മുള്ളറംകോട് അജീഷ് ഭവനിൽ അജിത്തിനെ (29) വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പൂർത്തിയായെന്നും കീഴടങ്ങിയ മണമ്പൂർ കണ്ണങ്കര പുന്നക്കാട്ട് വീട്ടിൽ മോൻകുട്ടൻ എന്ന സജീവ് കുമാറിന്റെ (51) അറസ്റ്റ് രേഖപ്പെടുത്തിയെന്നും റൂറൽ എസ്.പി ഡോ.ദിവ്യാ വി. ഗോപിനാഥ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ പ്രമോദ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റ ജാക്വിലിൻ ആശുപത്രി വിട്ടു. വാടകയ്ക്കെടുത്ത പിക്കപ്പ് വാൻ ഉപയോഗിച്ചാണ് അപകടമുണ്ടാക്കിയത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാറാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതേച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തായ സജീവ് കുമാർ മുള്ളറംകോട് അജീഷ് ഭവനിൽ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജിംനേഷ്യം ഉടമ ബിനുരാജ് കെ.എസ്.ആർ.ടി.സി ബസിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
മാസങ്ങൾക്കു മുമ്പ് മദ്യപാനത്തിനിടെ ബിനുരാജ് അജികുമാറിനെ അടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റ് ആളുകളുടെ സഹായത്തോടെ അജികുമാർ ബിനുരാജിനെ തിരിച്ചടിച്ചു. തുടർന്ന് അജികുമാറിനെ കൊല്ലുമെന്ന് ബിനുരാജ് ഭീഷണി മുഴക്കിയിരുന്നു. മദ്യപാനത്തിനിടെ വീണ്ടും വാക്കേറ്റമുണ്ടായപ്പോൾ ബിനുരാജ് ആക്രമിച്ചതായാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണം തന്റെ നേരെ തിരിയുമെന്ന് ഭയന്നാണ് ബിനുരാജ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. അജികുമാറിന്റെ മരണത്തിൽ സജീവിന് പങ്കുണ്ടെന്ന കാര്യം വെളിപ്പെടുത്തുമെന്ന് അജിത്തും പ്രമോദും ജാക്വിലിനും ഭീഷണിപ്പെടുത്തി. വാക്കുതർക്കത്തിന് പിന്നാലെ നടന്നുപോയ മൂവരെയും സജീവ് കുമാർ പിക്കപ്പ് വാനിന് ഇടിച്ചിടുകയായിരുന്നു. വാഹനം ദേഹത്തുകൂടി കയറിയിറങ്ങിയ അജിത്ത് തത്ക്ഷണം മരിച്ചു.
കഴിഞ്ഞ 31ന് പുലർച്ചെയാണ് അജികുമാറിനെ വീടിന്റെ സിറ്റൗട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടെ അന്ന് രാത്രിയാണ് പിക്കപ്പ് വാൻ കൊണ്ടിടിച്ച് അജിത്തിനെ കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് അടുത്ത ദിവസം രാവിലെ ബിനുരാജ് ബസിന് മുന്നിൽച്ചാടി ജീവനൊടുക്കിയത്. ബിനുരാജ് വാഹനത്തിന് മുന്നിലേക്ക് ചാടിയതാണെന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെയും യാത്രക്കാരന്റെയും മൊഴി നിർണായകമായി.
അജികുമാറിന്റെ കൊലയിൽ
മറ്റാർക്കും പങ്കില്ലെന്ന്
അജികുമാറിന്റെ (49) കൊലപാതകത്തിൽ സുഹൃത്തായ ബിനുരാജിനല്ലാതെ മറ്റാർക്കും പങ്കുള്ളതായി ഇതുവരെ തെളിവില്ലെന്നും മുൻവൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു. ബിനുരാജ് ആത്മഹത്യ ചെയ്തതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകളിലൂടെ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷമേ കൂടുതൽ പേരുണ്ടോയെന്ന് ഉറപ്പിക്കാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് അജികുമാർ മരിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയശേഷം ഒറ്റയ്ക്കു കഴിയുകയായിരുന്നു അജികുമാർ. ജോലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയാൽ ഞായറാഴ്ച രാത്രിവരെ ഇയാൾ തുടർച്ചയായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ നിരവധി സംഘങ്ങൾ ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഗുണ്ടാസംഘങ്ങളും ഇടയ്ക്ക് വരാറുണ്ടെന്നാണ് വിവരം.