
വിതുര: തൊളിക്കോട് ഓട്ടോ സ്റ്റാൻഡിലെ രണ്ട് ഓട്ടോ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശരാക്കിയ ശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ വിതുര പൊലീസ് അറസ്റ്റുചെയ്തു. വിതുര തൊളിക്കോട് പുളിമൂട് കണ്ണങ്കരവയലരികത്ത് വീട്ടിൽ എസ്. മുഹമ്മദ് ഷാഫി (34), കാട്ടാക്കട കുളത്തുമ്മൽ ആമച്ചൽ കള്ളിക്കാട് താഴെ പുത്തൻവീട്ടിൽ ശംഭു എന്ന വിശാഖ്. ആർ.എസ്. നായർ (30), നെയ്യാറ്റിൻകര പെരുമ്പഴുതൂർമുളംകുന്നത്ത് പുത്തൻവീട്ടിൽ അജു എന്ന എ. അജേഷ് കുമാർ (28) എന്നിവരാണ് അറസ്റ്റിലായത്.
തൊളിക്കോട് പാമ്പാടിവെട്ടയിൽ വീട്ടിൽ മുഹമ്മദ്, തൊളിക്കോട് പുളിമൂട് സിയാദ് മൻസിലിൽ എ. സിദ്ദിഖ് എന്നിവരെയാണ് ഗുണ്ടാസംഘം മർദ്ദിച്ചത്. ജനുവരി 31ന് തൊളിക്കോട് മന്നൂർക്കോണത്തുവച്ച് പ്രതികൾ സഞ്ചരിച്ച വാഹനത്തിന് ഒാട്ടോറിക്ഷ സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. ഈ സമയം സിദ്ദിഖിനൊപ്പം മുഹമ്മദുമുണ്ടായിരുന്നു.
പിറ്റേദിവസം ഉച്ചയ്ക്ക് പ്രതികൾ തേക്കുംമൂട്ടിലേക്ക് പോകാൻ സിദ്ദിഖിനെ വിളിച്ചു. ഇതിനുശേഷം ഓട്ടോയുടെ ടയർ പഞ്ചറെന്ന് പറഞ്ഞാണ് സുഹൃത്ത് മുഹമ്മദിനെ സിദ്ദിഖിന്റെ ഫോണിൽ നിന്ന് വിളിച്ചുവരുത്തിയത്. ഇരുവരെയും പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ടശേഷം ഇടിക്കട്ട കൊണ്ട് മർദ്ദിച്ച് അവശരാക്കി. പിന്നീട് വിജനമായ സ്ഥലത്ത് ഇവരെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.
ആര്യനാട് മലയടിയിൽ ഒരാളെ വെട്ടിയ കേസിൽ ജയിലിലായിരുന്ന സിദ്ദിഖ് ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. മുഹമ്മദും ക്രിമിനൽകേസിലെ പ്രതിയാണ്.
പീഡനം, കൊലപാതകശ്രമം, പണംതട്ടിയെടുക്കൽ എന്നിവ ഉൾപ്പെടെ 15 കേസുകളിലെ പ്രതിയാണ് ഒന്നാംപ്രതി മുഹമ്മദ് ഷാഫിയെന്ന് വിതുര പൊലീസ് അറിയിച്ചു. സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒമാരായ ശരത്, സുജിത്, ശ്യാം, അനിൽ, രാംകുമാർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ