
നെയ്യാറ്റിൻകര:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വിളവൻകോട് മേൽപ്പുറം മാർത്താണ്ഡം പൊലീസ് സ്റ്റേഷൻ റോഡ് നോർത്ത് സ്ട്രീറ്റിൽ പാൽക്കൊമ്പ് ബിൽഡിംഗ്സിൽ താമസിക്കുന്ന പൂജപ്പുര ഡോ.പൈ റോഡിൽ മഹേശ മന്ദിരത്തിൽ ബലിയാട് പ്രദീപ് എന്ന പ്രദീപ് (38),സഹോദരൻ വെളളായണി മെരിലാന്റ് സ്റ്റുഡിയോയ്ക്ക് സമീപം ദിലീപ് എന്നിവരെയാണ് ചൊവ്വാഴ്ച നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആറാലുംമൂട്ടിൽ വച്ച് അമിതവേഗത്തിനിടെ മുന്നിൽ പോയ വാഹനത്തിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷിക്കാനെത്തിയ പൊലീസ് അപകട സ്ഥലത്ത് നിന്ന് വടിവാളും കത്തിയും കണ്ടെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് ആയുധങ്ങൾ പുറത്തേയ്ക്ക് തെറിച്ചതെന്നാണ് വിവരം.ഹൈവൈ പെട്രോളിംഗ് സംഘത്തിലെ എസ്.ഐ.ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ അനൂപ്,സുരേഷ് എന്നിവരാണ് പിടികൂടിയത്.പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.ദിലീപിനെ കോടതി റിമാൻഡ് ചെയ്തു.