
തിരുവനന്തപുരം: നഗരസഭയിലെ പണം തട്ടിപ്പിന് സസ്പെൻഷനിലായ കഴക്കൂട്ടം സോണൽ ഓഫീസിലെ കാഷ്യറുടെ ചുമതല വഹിച്ചിരുന്ന കെ. അനിസിൽകുമാറിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കഴക്കൂട്ടം മേഖലാ ഓഫീസ് മേധാവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബർ 17ന് രസീതുകൾ റദ്ദാക്കിയ ശേഷം പണം തട്ടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
അനിസിൽകുമാർ ജോലിക്ക് കയറിയ 2018 മുതലുള്ള ഫയലുകൾ കേന്ദ്രീകരിച്ച് നഗരസഭ ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ 2.55ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്ന് കണ്ടെത്തി. 2,000 മുതൽ 10,000 രൂപ വരെയാണ് ഇയാൾ ഓരോ തവണയും തട്ടിയത്.
സീവേജ്, ജല വിതരണ കണക്ഷനുകൾ, ടാർ കട്ടിംഗ് തുടങ്ങിയവയ്ക്കുവേണ്ടി അടച്ച പണത്തിന്റെ റദ്ദാക്കിയ രസീതുകൾ ഉപയോഗിച്ചാണ് പണം തട്ടിയത്. പേരോ ഇനിഷ്യലോ തെറ്റായി രേഖപ്പെടുത്തുന്ന സാഹചര്യങ്ങളിലാണ് രസീതുകൾ റദ്ദാക്കുക. ഇത്തരത്തിലുള്ള രസീതിന്റെ നമ്പർ പണമടച്ച സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തുന്നതിനാൽ എളുപ്പം ക്രമക്കേട് കണ്ടുപിടിക്കാൻ കഴിയില്ല. ഈ പഴുത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കോർപ്പറേഷനിലെ പണം തട്ടിയ കേസിൽ വിവിധ ഓഫീസുകളിലായി അഞ്ച് ജീവനക്കാരെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ട്. ശ്രീകാര്യം മേഖലാ ഓഫീസിൽ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് എല്ലാ ഓഫീസുകളിലും ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധന നടത്തിയത്.