
അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്
ഇന്ത്യ അഞ്ചാം കീരീടം തേടി ഇംഗ്ലണ്ടിനെ നേരിടുന്നു
നോർത്ത് സൗണ്ട് (ആന്റിഗ്വ): ഐ.സി.സി അണ്ടർ 19 ഏകദിന ലോകകപ്പിൽ അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 6.30 മുതലാണ് കലാശപ്പോരാട്ടം. ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ തവണ ഫൈനലിൽ ബംഗ്ലാദേശിനെതിരെ അപ്രതീക്ഷിതമായി കൈവിട്ട കിരീടം തിരിച്ചു പിടിക്കാനാണ് യഷ് ധുള്ളിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ലക്ഷ്യം വയ്ക്കുന്നത്. ടൂർണമെന്റിൽ ഏറ്റവും മികച്ച റെക്കാഡുള്ള ടീമാണ് ഇന്ത്യ. മറുവശത്ത് ഇംഗ്ലണ്ടിന്റെ ലക്ഷ്യം രണ്ടാം ലോക കിരീടമാണ്.
ഫൈവ് സ്റ്റാറാകാൻ
ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ടീം ഇന്ത്യ എന്നാൽ ഏറെ പ്രതിസന്ധികൾ മറികടന്നാണ് ഫൈനലിൽ എത്തിയത്. ആദ്യ റൗണ്ടിനിടെ ക്യാപ്ടൻ യഷ് ധുള്ളും വൈസ് ക്യാപ്ടൻ ഷെയ്ക്ക് റഷീദും ഉൾപ്പെടെ ആറോളം താരങ്ങൾ കൊവിഡിന്റെ പിടിയിലാവവുകയും ചിലർക്ക് പരിക്കാകുകയും ചെയ്തതിനാൽ പതിനൊന്നംഗ ടീമിനെപ്പോലും കണ്ടെത്താൻ ഏറെ കഷ്ടപ്പെട്ട സ്ഥിതിയുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളും മറികടന്ന് ടീം ഇന്ത്യ കുതിക്കുകയായിരുന്നു.
സെമി ഫൈനലിൽ കരുത്തരായ ആസ്ട്രേലിയയെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റുറപ്പിച്ചത്. ക്യാപ്ടൻ യഷ് ധുള്ളിന്റെ സെഞ്ച്വറിയും (110),വൈസ് ക്യാപ്ടൻ ഷെയ്ക്ക് റഷീദിന്റെ (94) തകർപ്പൻ ബാറ്റിംഗുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ബൗളിംഗിൽ 3 വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ വിക്കി ഓസ്‌റ്റ്‌വാളും 2 വിക്കറ്റ് വീതം വീഴത്തിയ നിഷാന്ത് സന്ധുവും ഇടം കൈയൻ പേസർ രവി കുമാറും തിളങ്ങി.
മറുവശത്ത് ഇംഗ്ലണ്ടും ഒരു മത്സരം പോലും തോൽക്കാതെയാണ് കലാശപ്പോരിന് എത്തുന്നത്. സെമിയിൽ അഫ്ഗാനെയാണ് ടോം പ്രെസ്റ്റിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പട കീഴടക്കിയത്.
നോട്ട് ദ പോയിന്റ്
അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ടീമാണ് ഇന്ത്യ.
ഇത്തവണത്തേതുൾപ്പെടെ നടന്ന 14 ടൂർണമെന്റുകളിൽ 8 തവണയും ഇന്ത്യ ഫൈനൽ കളിച്ചു.
4 തവണ ചാമ്പ്യൻമാരായി
2000,2008,2012, 2018 വർഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
ഇംഗ്ലണ്ട് 1998ൽ ചാമ്പ്യൻമാരായിട്ടുണ്ട്.
ഇന്ത്യ ചാമ്പ്യൻമാരായപ്പോൾ ക്യാപ്ടൻമാർ
2000-മുഹമ്മദ് കൈഫ്
2008 - വിരാട് കൊഹ്‌ലി
2012- ഉൻമുക്ത് ചന്ദ്
2018- പ്രിഥ്വി ഷാ
ടിവി ലൈവ്
വൈകിട്ട് 6.30 മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്‌സ്റ്റാറിലും