stalin

ചെന്നൈ: പാർലമെന്റിലെ പ്രസംഗത്തിൽ തമിഴ്നാടിനെക്കുറിച്ച് നിരവധി തവണ പരാമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് നന്ദി പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴിൽ മറുപടി ട്വീറ്റ് ചെയ്ത് രാഹുൽ.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മനുഷ്യരെപ്പോലെ തമിഴന്മാരും തന്റെ സഹോദരീസഹോദരന്മാരാണെന്നും നല്ല വാക്കുകൾക്ക് നന്ദിയെന്നും സ്റ്റാലിനെ ടാഗ് ചെയ്ത് രാഹുൽ തമിഴിൽ കുറിച്ചു.

ബഹുസ്വര, ഫെഡറൽ, സഹകരണ ഇന്ത്യ എന്ന നമ്മുടെ കൂട്ടായ വിശ്വാസം വിജയം കാണുമെന്ന കാര്യത്തിൽ തനിക്ക് ഒരു സംശയവുമില്ലെന്നും രാഹുലിന്റെ ട്വീറ്റിൽ പറയുന്നു.

പാർലമെന്റിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രസംഗത്തിന് തമിഴ്നാട് ജനതയുടെ പേരിൽ നന്ദി രേഖപ്പെടുത്തുകയാണെന്ന് സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു.

'പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഇന്ത്യൻ ഭരണഘടന എന്ന ആശയത്തിന് ഊന്നൽ നൽകി താങ്കൾ പാർലമെന്റിൽ ശബ്ദമുയർത്തിയതിന് മുഴുവൻ തമിഴരുടെ പേരിലും നന്ദി രേഖപ്പെടുത്തുകയാണ്. ആത്മാഭിമാനത്തിനു വിലനൽകുന്ന സവിശേഷമായ രാഷ്ട്രീയ, സാംസ്‌കാരിക വേരുകളിലൂന്നിയുള്ള തമിഴ് ജനതയുടെ ദീർഘകാലത്തെ വാദങ്ങളാണ് താങ്കൾ പാർലമെന്റിൽ ഉന്നയിച്ചതെന്നും" സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാഹുൽ ലോക്‌സഭയിൽ നടത്തിയ 45 മിനിട്ട് നീണ്ട പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളവും തമിഴ്നാടുമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയടക്കം പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

തമിഴ്നാട്ടിലെ ജനങ്ങളുടെ മനസിൽ ഇന്ത്യയെന്ന ആശയമുണ്ട്. അവരെ അടിച്ചമർത്താമെന്നാണ് നിങ്ങൾ കരുതുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്‌കാരമുണ്ട്. അവർക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങൾക്ക് ഒരു പാരമ്പര്യമുണ്ട്. അവർക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരിൽ നിന്നെല്ലാം ഞാൻ പഠിക്കുകയാണ്' ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. രാജാക്കൻമാരുടെ സാമ്രാജ്യമല്ല. നിങ്ങൾക്ക്, നിങ്ങളുടെ ജീവിതത്തിലൊരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രണത്തിലാക്കാനാകില്ല. അതൊരിക്കലും സാധ്യമാകുകയുമില്ല.
ഉത്തർപ്രദേശിൽനിന്നുള്ള എന്റെ സഹോദരനുള്ള അതേ അവകാശം തമിഴ്നാട്ടിൽനിന്നുള്ള എന്റെ സഹോദരനും ഉണ്ടായിരിക്കണമെന്നതാണ് ജനാധിപത്യമെന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും രാഹുൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.