
ലക്‌നൗ: യു.പിയിലെ മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന വഴി എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എം.പിയുടെ
വാഹനത്തിന് നേർക്ക് വെടിവച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നോയിഡ സ്വദേശിയായ സച്ചിൻ, ശുഭം എന്നിവരാണ് പിടിയിലായത്. മറ്റൊരു വധശ്രമക്കേസിലെ പ്രതിയായ സച്ചിൻ ഒരു തീവ്രഹിന്ദു സംഘടനയിലെ അംഗമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ടെന്നും ഇക്കാര്യം തങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ശുഭം, സഹാറൻപൂരിൽ നിന്നുള്ള കർഷകനാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നുമാണ് സൂചന.
ഒവൈസിയും സഹോദരൻ അക്ബറുദ്ദീനും നടത്തിയ പരാമർശങ്ങൾ അതൃപ്തിയുണ്ടാക്കിയിരുന്നെന്ന് സച്ചിനും ശുഭവും ചോദ്യം ചെയ്യലിൽ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരിൽനിന്നും നാടൻ തോക്കുകൾ പിടിച്ചെടുത്തു. ഈയടുത്താണ് ഇരുവരും തോക്കുകൾ വാങ്ങിയത്.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തും.
അതേസമയം, വെടിവയ്പിന്റെ പശ്ചാത്തലത്തിൽ സി.ആർ.പി.എഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിച്ചു.'എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ല. നിങ്ങൾ എല്ലാവരെയും പോലെ എ കാറ്റഗറി പൗരനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കു നേർക്ക് വെടിയുതിർത്തവർക്കെതിരെ യു.എ.പി.എ. ചുമത്താത്തത് എന്തുകൊണ്ടാണെന്നും' ഒവൈസി ആരാഞ്ഞു.