hijab

ബംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുര ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കോളേജിൽ കയറ്റാത്ത നടപടിയിൽ വ്യാപക പ്രതിഷേധം. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനികളെ ഗേറ്റിന് പുറത്ത് തടയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആറുമണിക്കൂറോളം ഗേറ്റിന് പുറത്ത് കുത്തിയിരുന്നു. പെൺകുട്ടികൾക്ക് വേണ്ടി ആൺകുട്ടികളും പ്രതിഷേധിച്ചു.

കഴിഞ്ഞമാസം ഉഡുപ്പിയിലെ ഗവ. പ്രീ യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കരുതെന്ന് വിലക്കിയിരുന്നു.

നേരത്തെ, കാവി ഷാൾ ധരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ കാമ്പസിലെത്തുകയും പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹിജാബിന് വിലക്കേർപ്പെടുത്തണമെന്ന് ഇവർ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ കോളേജിനു പുറത്ത് തടഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായ പ്രമുഖർ രംഗത്തെത്തി.

'സിഖ് തലപ്പാവിനെതിരെയും നടപടിയെടുക്കുമോ? എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ കരുത്തെന്ന്'ശശി തരൂർ എം.പി ട്വീറ്റ് ചെയ്തു. കാർത്തി പി. ചിദംബരം എം.പി, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവർ പ്രതിഷേധിച്ചു.

സ്‌കൂളുകളിൽ വിദ്യാർത്ഥികൾ യൂണിഫോം മാത്രം ധരിച്ചാൽ മതി. ഹിജാബോ കാവി ഷാളോ ധരിക്കേണ്ട. ഈ വിഷയം രാജ്യത്തിന്റെ ഐക്യം തകർക്കാനായി ചിലർ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണം.

കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.