
വാഷിംഗ്ടൺ: രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നവരെ കസ്റ്റഡിയിലെടുക്കുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. അങ്ങനെയാരു കാര്യമാണ് കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സുരക്ഷാ മേഖലയ്ക്ക് സമീപം സംഭവിച്ചത്. എന്നാൽ മനുഷ്യനെയല്ല, കസ്റ്റഡിയിലെടുത്തത് കോഴിയെയാണെന്ന് മാത്രം. പെന്റഗൺ സുരക്ഷ മേഖലക്ക് സമീപം കറങ്ങി നടന്ന കോഴിയെ പിടികൂടിയതായി ആനിമൽ വെൽഫെയർ ഓർഗനൈസേഷനാണ് അറിയിച്ചത്. ആർലിങ്ടണിലെ ആനിമൽ വെൽഫെയർ ലീഗ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഈ വിവരം പങ്കു വച്ചത്. ലീഗിലെ തൊഴിലാളികളിലൊരാളാണ് കോഴിയെ പിടികൂടിയത്.തവിട്ടുനിറത്തിലുള്ള കോഴിക്ക് ഹെന്നിപെന്നി എന്ന് പേരിട്ടു. ജീവനക്കാരിൽ ഒരാളുടെ വെസ്റ്റേൺ വിർജീനിയയിലെ ചെറിയ ഫാമിലേക്ക് കോഴിയെ മാറ്റിയതായി അധികൃതർ അറിയിച്ചു.
അതേസമയം, കോഴിയെ കണ്ടെത്തിയ സ്ഥലം സുരക്ഷാകാരണങ്ങളാൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് സംഘടനാ വക്താവ് ചെൽസി ജോൺസ് പറഞ്ഞു. അതൊരു സുരക്ഷ ചെക്‌പോസ്റ്റിൽ ആയിരുന്നുവെന്ന് മാത്രമേ പറയാൻ തങ്ങൾക്ക് അനുവാദമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴി വഴി തെറ്റി വന്നതാണോ അതോ തോ ചാരപ്രവൃത്തിക്ക് മറ്റാരെങ്കിലും അയച്ചതാണോ എന്ന സംശയത്തിലാണ് അധികൃതർ.