vghyghyg

ബീജിംഗ് : യുക്രെയിൻ വിഷയത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ചൈന. ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി ബീജിംഗിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഇന്നലെ കൂടിക്കാഴ്ച നടത്തി. അമേരിക്കയുൾപ്പെടെയുള്ള നാറ്റോ സഖ്യകക്ഷികളുമായുള്ള തർക്കത്തിൽ ചൈന റഷ്യക്കൊപ്പമാണെന്ന് ഷി,​ പുടിനെ അറിയിച്ചു. കൊവിഡ് വ്യാപനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഷി,​ ഒരു ലോകനേതാവുമായി നേരിട്ട് ചർച്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവനയിൽ ഹോങ്കോംഗിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ നല്കുന്നതും സ്വതന്ത്ര തായ്‌വാൻ നീക്കങ്ങൾക്ക് പിന്തുണ നല്കുന്നതും യു.എസാണെന്ന് ചൈന ആരോപിച്ചു. യുക്രെയിൻ വിഷയത്തിലും അമേരിക്ക സമാന നിലപാടാണ് സ്വീകരിക്കുന്നതെന്ന് റഷ്യയും വിമർശനം ഉന്നയിച്ചു. ഇരു രാജ്യങ്ങളുടേയും പ്രാദേശിക പ്രദേശങ്ങളിൽ അസ്ഥിരത പരത്താനുള്ള ബാഹ്യശക്തികളുടെ ഇടപെടലിനെ ഏതുവിധേനയും ചെറുക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചൈന -റഷ്യ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ശീതയുദ്ധം വീണ്ടും സജീവമാക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും കിഴക്കൻ യൂറോപ്പിൽ കൂടുതൽ സേനാവിന്യാസം,​ നാറ്റോ അംഗരാജ്യങ്ങളുടെ വിപുലീകരണം എന്നീ വിഷയങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും പുടിൻ ആവശ്യപ്പെടുന്നുണ്ട്. ചൈനയിൽ ഉയ്ഗു‌ർ വംശജർക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ബീജിംഗ് ശൈത്യകാല ഒളിമ്പിക്സ് നയതന്ത്ര തലത്തിൽ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുടിൻ ബീജിംഗ് ഒളിമ്പിക്സിന്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ചൈനയിൽ എത്തിയത്.

അതേ സമയം ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 10 ബില്യൺ ക്യുബിക് മീറ്റർ (ബി.സി.എം) അധിക വാതകം റഷ്യ,​ ചൈനയ്ക്ക് നല്കുന്ന കരാറിൽ ഇരു നേതാക്കളും ഒപ്പിട്ടു. സാങ്കേതിക വിദ്യാ സഹകരണത്തിൽ വൻ മുന്നേറ്റമാണ് ഇരു രാജ്യങ്ങളും നടത്തുന്നതെന്നും വ്യാപാര രംഗത്ത് ചൈനയും റഷ്യയും തമ്മിലുള്ള വിറ്റുവരവ് 140 ബില്യൺ ഡോളറിലെത്തിയെന്നും പുടിൻ അവകാശപ്പെട്ടു.

യുക്രയിൻ വിഷയം : റഷ്യ വ്യാജതെളിവുകൾ നിർ‌മ്മിക്കുന്നുവെന്ന് യു.എസ്

യുക്രയിൻ വിഷയത്തിൽ റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസ്. യുക്രെയിനിൽ അധിനിവേശം നടത്താൻ റഷ്യ വ്യാജ തെളിവുകൾ നിർമ്മിക്കുന്നുവെന്ന് യു.എസ് അറിയിച്ചു. യുക്രെയ്ൻ തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്ന് വരുത്താൻ റഷ്യ വ്യാജ ഗ്രാഫിക് വീഡിയോകൾ നിർമ്മിക്കുന്നു. യക്രെയ്ൻ സൈന്യമോ ഇന്റലിജൻസ് സേനയോ റഷ്യയുടെ പ്രദേശത്ത് അതിക്രമിച്ച് കയറി അവരുടെ ആളുകളേയോ ആക്രമിച്ചുവെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് യു.എസ് പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.

ഈ വ്യാജ ആക്രമണത്തിന്റെ ഭാഗമായി ഗ്രാഫിക് വീഡിയോ റഷ്യ പുറത്തിറക്കിയേക്കുമെന്നും യുക്രെയ്ന് പടിഞ്ഞാറൻ സേന നൽകിയ ആയുധങ്ങളുടെ സാന്നിദ്ധ്യം ഈ വീഡിയോയിൽ ബോധപൂർവം ഉൾപ്പെടുത്തി ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ റഷ്യ ശ്രമിക്കുമെന്നും കിർബി കൂട്ടിച്ചേർത്തു.

അതേസമയം യൂറോപ്യൻ യൂണിയനിലെ റഷ്യൻ അംബാസിഡർ വ്ലാഡമിർ ചിചോവ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിച്ചു. ഇത്തരം വാദങ്ങൾ ഉന്നയിക്കുന്ന യു.എസ് അതിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.