kodiyeri

തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാത്ത രീതിയിലെ അവഗണനയാണ് കേന്ദ്ര ബഡ്‌ജറ്റിലുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിന് പ്രത്യേത സാമ്പത്തിക പാക്കേജ് വേണമെന്നത് അംഗീകരിച്ചില്ല, പാലക്കാട് കോച്ച് ഫാക്‌ടറിക്കായി ചർച്ച പോലും നടത്താൻ തയ്യാറായില്ല. ജിഎസ്‌ടി നഷ്‌ടപരിഹാര വിഷയത്തിൽ സംസ്ഥാനത്തിന് അനുകൂല നിലപാടെടുത്തില്ല, സംസ്ഥാനത്തിനുള‌ള കേന്ദ്രവിഹിതം അപര്യാപ്‌തമാണെന്നും കേന്ദ്ര ബഡ്‌ജറ്റ് സംസ്ഥാന വികസനത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി ആരോപിച്ചു. കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

സംസ്ഥാനത്തെ എം.പിമാരും ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്താൻ സമ്മർദ്ദം ചെലുത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കെ റെയിലിൽ കേന്ദ്രം അനുമതി നിഷേധിച്ചു എന്ന വാദം വസ്‌തുതാപരമായി ശരിയല്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. നിലവിൽ കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും സ്ഥലം ഏറ്റെടുത്താലേ വായ്‌പ ലഭിക്കൂ എന്നും കേന്ദ്രം അനുമതി നൽകിയാലേ വായ്‌പ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ വിഷയത്തിൽ എല്ലാവരുമായും ച‌ർച്ചയ്‌ക്ക് തയ്യാറാണെന്നും കോൺഗ്രസും ബിജെപിയും നിലപാട് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വന്ദേ ഭാരത് കേരളത്തിൽ വന്നാൽ സിൽവർ ലൈനിനെക്കാൾ രൂക്ഷമായ യാത്രാപ്രശ്‌നമാകുമെന്നും വളവുകൾ നിവർത്തേണ്ടി വരുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സിപിഎം ലോകായുക്തയ്‌ക്കെതിരെ ആരോപണമൊന്നും ഉന്നയിച്ചില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐ സിൽവർലൈൻ, ലോകായുക്ത വിഷയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചത് ഉഭയകക്ഷി രീതിയിൽ മുന്നണി ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത് ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നതുകൊണ്ടല്ല കൊവിഡ് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ബിന്ദുവിന് അനുകൂലമായ ലോകായുക്ത വിധി സ്വാഗതാർഹമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.