man-and-lover-catched-by-

മുംബയ്: ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് കാമുകിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഭർത്താവിനെ ജി.പി.എസ് ട്രാക്കറിന്റെ സഹായത്തോടെ കൈയോടെ പിടികൂടി യുവതി. മഹാരാഷ്ട്രയിലെ പുനൈയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെയും കാമുകിക്കെതിരെയും ഹിൻജെവാഡി പൊലീസ് കേസെടുത്തു.

യുവതി ഒരു കമ്പനിയുടെ ഡയറക്ടറാണ്. 41കാരനായ ഭർത്താവ് വ്യാപാരിയും. ഇടക്കിടെ ബിസിനസ് ആവശ്യങ്ങൾക്കായി ഭർത്താവ് ബംഗളൂരുവിൽ പോകുന്നത് പതിവായിരുന്നു. എന്നാൽ, ഭർത്താവിന്റെ ബിസിനസ് യാത്രയിൽ സംശയം തോന്നിയ യുവതി ഇയാളുടെ വാഹനത്തിൽ ജി.പി.എസ്. ട്രാക്കർ സ്ഥാപിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് ഭർത്താവ് കാമുകിക്കൊപ്പം പോയ വിവരം മനസിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നവംബറിൽ ബംഗളൂരുവിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നുവെന്ന് ഭർത്താവ്, ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ ഭാര്യ, ജി.പി.എസ്. ട്രാക്കർ ലൊക്കേഷൻ പരിശോധിപ്പോൾ കാർ പുനൈയിലെ ഒരു ഹോട്ടലിലാണെന്ന് മനസിലാക്കി. തുടർന്ന് ഇവർ ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടു. 'ഭാര്യ'യ്‌ക്കൊപ്പമാണ് ബിസിനസുകാരൻ എത്തിയതെന്ന് ഹോട്ടൽ ജീവനക്കാർ ഇവരോടു പറഞ്ഞു.

തുടർന്ന് സി.സി ടി.വി. പരിശോധിപ്പോൾ ഭർത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചു. ഭാര്യയുടെ ആധാർ കാർഡ് കാമുകിയുടെതെന്ന് കാണിച്ചായിരുന്നു ബിസിനസുകാരൻ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. വഞ്ചാനാക്കുറ്റമാണ് ബിസിനസുകാരനും കാമുകിക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും നിലവിൽ ഒളിവിലാണ്.