kk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ആത്‌മകഥയിലെ പരാമർശങ്ങൾക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. യു.എ.ഇ കോണ്‍സുലേറ്റിലെ ഇടപാടുകള്‍ ശിവശങ്കറിന് അറിയാമെന്നും സ്‌പേസ് പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നെന്നും സ്വപ്‌ന വ്യക്തമാക്കി.

പുസ്തകത്തില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് മോശമാണ്. തന്റെ ജീവിതത്തിന്റെ സുപ്രധാനമായ ഭാഗമായ ആളാണ് ശിവശങ്കര്‍. ശിവശങ്കർ തന്ന സ്പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതൊരു സഹായമായിരുന്നു. അദ്ദേഹം കുടുംബമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയരുത്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല. അദ്ദേഹം പറഞ്ഞിട്ടാണ് താൻ സ്പേസ് പാർക്കിലും സർക്കാരിലും ഉന്നത തലത്തിലുള്ളവരെ കണ്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ശിവശങ്കര്‍ സാര്‍ ബാക്കിയുള്ളവര്‍ക്ക് ഒരു വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണ്. എന്റെ എല്ലാ കാര്യത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തെ അന്ധമായി വിശ്വസിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ ജീവിച്ചത്. തന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് പലതവണ യു,​എ,​ഇയില്‍ കോണ്‍സുലേറ്റിലുണ്ടായ കാര്യങ്ങള്‍ അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. തന്റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്ര കണ്ടല്ല സ്വപ്‌ന പറഞ്ഞു.

കുടുബത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു. പിറന്നാളുകളിൽ, ആഘോഷങ്ങളിൽ എല്ലാം അദ്ദേഹം ഉണ്ടായിരുന്നു.അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കർ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം.

എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.ഐഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിൽ. കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു.