saurav-ganguly

ന്യൂഡൽഹി: ടീം സെലക്ഷനിൽ ഉൾപ്പെടെ അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബി.സി.സി.ഐയുടെ ചട്ടങ്ങൾ ലംഘിച്ച് ഗാംഗുലി സെലക്ഷൻ കമ്മിറ്റിയോഗങ്ങളിൽ പങ്കെടുക്കുന്നുവെന്നും അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നും ഒരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ട്വീറ്റ് ചെയ്തതിനെ തുടർന്ന് വലിയ വിവാദമുണ്ടായിരുന്നു. ആരോപണങ്ങൾ എല്ലാം തള്ളിയ ഗാംഗുലി അടിസ്ഥാന രഹിതമായ കാര്യങ്ങൾക്ക് ആരോടും ഉത്തരം പറയേണ്ടതില്ലെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബി.സി.സി.ഐ പ്രസഡിന്റാണ് ഞാൻ. പ്രസിഡന്റ് ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യുന്നുള്ലൂ. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഞാൻ പങ്കെടുക്കുന്നു എന്ന രീതിയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. സെക്രട്ടറി ജയ്ഷായ്ക്കും ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജിനും ക്യാപ്ടൻ വിരാട് കൊഹ്‌ലിക്കും ഒപ്പം ഇരിക്കുന്ന ചിത്രം സെലക്ഷൻ കമ്മിറ്റി യോഗത്തിലേതല്ല. ജയേഷ് സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നയാളല്ല. 424 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചയാളാണ് ഞാൻ. അത് ആളുകളെ ഇങ്ങനെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് അത്ര സുഖമുള്ള കാര്യമല്ല.