df

ന്യൂയോർക്ക്: ഫേസ്ബുക്ക് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലെ മുൻനിരക്കാനുമായ മാർക്ക് സക്കർബർഗിനെ കടത്തിവെട്ടി ഇന്ത്യൻ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. സക്കർബർഗിന്റെ കമ്പനിയായ മെറ്റയുടെ ഓഹരിവില കഴിഞ്ഞദിവസം കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയും അദാനിയും മുന്നിലെത്തിയത്. സ്‌റ്റോക്ക് മാർക്കറ്റിലെ കനത്ത ഇടിവ് കാരണം സക്കർബർഗിന്റെ ആസ്തിയിൽ 30 ബില്ല്യൺ ഡോളറിന്റെ കുറവുണ്ടായി. ഫോർബ്‌സ് റിയൽ ടൈം ബില്ല്യണേഴ്‌സ് റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 90.1 ബില്ല്യൺ ഡോളറും അംബാനിയുടെ ആസ്തി 90 ബില്ല്യൺ ഡോളറുമാണ്. സ്‌റ്റോക്ക് ഇടിവ് കാരണം സുക്കർബർഗ് ആഗോള സമ്പന്നന്മാരുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ചരിത്രത്തിൽ ഒരു യു.എസ് കോർപ്പറേറ്റ് കമ്പനി ഒറ്റദിനം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് സക്കർബർഗിനുണ്ടായത്. കഴിഞ്ഞ വർഷം നവംബറിൽ ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌കിനുണ്ടായ 35 ബില്ല്യൺ ഡോളർ നഷ്ടമാണ് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടം.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് പരസ്യമാണ്. ആപ്പിൾ അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാറ്റം വരുത്തിയതും ഐ.ഒ.എസ്, മാക്രോ ഇക്കണോമിക് വെല്ലുവിളികൾ, ടിക് ടോക്ക് പോലുള്ള എതിരാളികൾ എന്നിവയാണ് നഷ്ടത്തിന് കാരണമെന്നാണ് സക്കർബർഗിന്റെ വിലയിരുത്തൽ. വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തന്റെ ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഇന്ത്യയിലെ ഡാറ്റാ വിലയിലുണ്ടായ വർദ്ധനവും നഷ്ടത്തിന് കാരണമായി സക്കർബർഗ് ചൂണ്ടിക്കാട്ടുന്നു.