
ന്യൂഡൽഹി: ഇന്ത്യ-ചൈന തർക്കമുണ്ടായ ലഡാക്കിലെ പാങ്കോംഗ് ത്‌സൊ തടാകത്തിൽ നിർമ്മിച്ച പാലം അനധികൃതമായി ചൈന കൈയേറിയ സ്ഥലത്തെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഈ വിവരം അറിയിച്ചത്.
1962ൽ ചൈന അനധികൃതമായി കൈയേറി കൈക്കലാക്കിയ സ്ഥലത്താണ് പുതിയ പാലം. കേന്ദ്ര സർക്കാർ ചൈനയുടെ കൈയേറ്റത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കാശ്‌മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും അംഗീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.
ചൈനയും ഇന്ത്യയും തമ്മിൽ ഉദ്യോഗസ്ഥ-സൈനിക തലത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈന അനധികൃതമായി പാലം നിർമ്മിച്ച വിവരം ലോകമാകെ അറിഞ്ഞത്. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് അതിവേഗം സൈനിക വിന്യാസം സാദ്ധ്യമാക്കാനാണ് ചൈന പാലം നിർമ്മിച്ചതെന്നാണ് വിവരം.
രണ്ട് വർഷത്തോളമായി ഇന്ത്യ-ചൈന സേനകൾ യഥാർത്ഥ നിയന്ത്രണരേഖയിൽ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ശക്തമായ സൈനിക വിന്യാസം തന്നെയാണ് ഇരു രാജ്യങ്ങളും ഇവിടെ നടത്തിയിരിക്കുന്നത്.