
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് വിജയം
തിലക് മൈതാൻ: ഐ.എസ്.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വെസ് നിറഞ്ഞാടിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കെത്തി. പെരേര ഡയസും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. കളിയുടെ അവാസന നിമിഷം മലയാളിതാരം മൊഹമ്മദ് ഇർഷാദാണ് നോർത്ത് ഈസ്റ്റിനായി ഒരു ഗോൾ മടക്കിയത്. 70-ാം മിനിട്ടിൽ ആയുഷ് അധികാരി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായി ചുരുങ്ങിയെങ്കിലും പതറാതെ പോരാടിയി ബ്ലാസ്‌റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. വാസ്ക്വെസിന്റെ അദ്ഭുത ഗോൾ പിറന്നതും അധികാരി ചുവപ്പ് കാർഡ് കണ്ടതിന് ശേഷമായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 62-ാം മിനിട്ടിലാണ് ഡയസ് മികച്ചൊരു ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. 82-ാം മിനിട്ടിൽ വണ്ടർ ഗോളിലൂടെ വാസ്ക്വെസ് ലീഡുയർത്തി. മദ്ധ്യവരയ്ക്കും പിന്നിൽ നിന്ന് 55 വാരയോളം അകലെനിന്ന് തൊടുത്ത വാസ്ക്വെസ് തൊടുത്ത തകർപ്പൻ ഷോട്ട് സ്ഥാനം തെറ്റി നിന്ന നോർത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് ചൗധരിയെ മറികടന്ന് വലകുലുക്കുകയായിരുന്നു.