
കോട്ടയം: ഭർത്താവിനെ കൊല്ലാൻ ആഹാരത്തിൽ രഹസ്യമായി മരുന്ന് കലർത്തി നൽകിയിരുന്ന ഭാര്യ പിടിയിൽ. പാലാ മീനച്ചിൽ സതീമന്ദിരം വീട്ടിൽ താമസിക്കുന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിനിയായ ആശാ സുരേഷ് ആണ് അറസ്‌റ്റിലായത്.
യുവതിയുടെ ഭർത്താവ് ചിറയിൻകീഴ് സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ സുരേഷിനെ(38) ആണ് യുവതി ഭക്ഷണത്തിൽ മരുന്ന് കലർത്തി രഹസ്യമായി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നത്. യുവാവിന്റെ സംശയമാണ് ഏഴ് വർഷത്തോളമായി തുടർന്ന യുവതിയുടെ ചതി പുറത്തുകൊണ്ടുവന്നത്.
ഒരു ഐസ്‌ക്രീം കമ്പനിയുടെ ഡിസ്‌ട്രിബ്യൂഷൻ നടത്തിയിരുന്ന സുരേഷ് 2012ൽ പാലായിൽ സ്വന്തമായി വീട് വാങ്ങി അവിടേക്ക് മാറി. കുറച്ചുനാളുകൾക്കകം ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ഭാര്യ പിണങ്ങിയിരിക്കുന്ന പതിവ് തുടങ്ങി. ഇതിനിടെ എപ്പോഴും ക്ഷീണം തോന്നുന്നത് പതിവായ സുരേഷ് ഡോക്‌ടറെ കണ്ട് ഷുഗർ താഴ്‌ന്നതാണെന്ന് കരുതി നാളുകളോളം മരുന്ന് കഴിച്ചിരുന്നു. എന്നാൽ സ്ഥിതി മാറിയില്ല. ഇതിനിടെ 2021 സെപ്‌തംബറിൽ 20 ദിവസത്തോളം സുരേഷ് വീട്ടിൽ നിന്ന് മാറി നിൽക്കുകയും പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തു. അപ്പോൾ ആരോഗ്യപ്രശ്‌നമൊന്നും ഉണ്ടാകാതെ വന്നതോടെ സുരേഷിന് ഭാര്യയുടെ പ്രവൃത്തിയിൽ സംശയം തോന്നി.
ഭാര്യയുടെ കൂട്ടുകാരിയോട് ഇക്കാര്യത്തിൽ എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് സുരേഷ് ചോദിച്ചു. 2015 മുതൽ മാനസിക രോഗത്തിനുളള മരുന്ന് ഭർത്താവിന് ആഹാരത്തിൽ കലർത്തി നൽകിയിരുന്നതായും മരുന്നിന്റെ ചിത്രവും ആശ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. ഈ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം സുരേഷ് നൽകിയ പരാതിയിൽ വീട് റെയ്ഡ് നടത്തി ആശയെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് മരുന്ന് പിടിച്ചെടുക്കുകയായിരുന്നു.