
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടിപതിയായി മലയാളി യുവതി. വ്യാഴാഴ്‍ച രാത്രി നടന്ന ടെറിഫിക് 22 മില്യന്‍ സീരിസ് 236ന്റെ നറുക്കെടുപ്പിലാണ് അബുദാബിയില്‍ താമസിക്കുന്ന ലീന ജലാൽ 44 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയാണ്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.എൽ.സി എച്ച്.ആർ ഉദ്യോഗസ്ഥയാണ്.
ജനുവരി 27ന് ഓണ്‍ലൈനായാണ് 144387 നമ്പര്‍ ബിഗ് ടിക്കറ്റ് ലീന ജലാൽ വാങ്ങിയത്. ആദ്യമായാണ് ലീന ബിഗ് ടിക്കറ്റെടുക്കുന്നത്. 14 സുഹൃത്തുക്കളൊപ്പം ചേര്‍ന്ന് എടുത്ത ടിക്കറ്റായതിനാല്‍ സമ്മാനത്തുകയും സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന്‍ ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തന്റെ ഭാഗ്യ നമ്പര്‍ ഏഴായിരുന്നുവെന്നും അതുകൊണ്ടുതന്നെ ടിക്കറ്റില്‍ ആ സംഖ്യ ഉള്‍പ്പെടുത്തിയാണ് എടുത്തതെന്നും ലീന പറഞ്ഞു.
നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. റാസല്‍ഖൈമയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ലഭിച്ചത് സില്‍ജോണ്‍ യോഹന്നാനാണ് മൂന്നാം സമ്മാനം. 356890 നമ്പര്‍ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിര്‍ഹം അദ്ദേഹത്തിന് ലഭിച്ചു അന്‍സാര്‍ സുക്കരിയ മന്‍സില്‍ നാലാം സമ്മാനമായ രണ്ടര ലക്ഷം ദിര്‍ഹം നേടിയപ്പോള്‍ മറ്റൊരു ഇന്ത്യക്കാരി ദിവ്യ എബ്രഹാം 284459 നമ്പര്‍ ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹയായി. ഡ്രീം കാര്‍ സീരിസില്‍ ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീനാണ് റേഞ്ച് റോവര്‍ കാര്‍ നേടിയത്.