bjp

ജയ്‌പൂ‌ർ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിച്ചിട്ടേ ഇനി അത്താഴം കഴിക്കൂവെന്ന് ബിജെപി രാജസ്ഥാൻ സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ. അടുത്ത വർഷമാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

വേറെയുമുണ്ട് സതീഷിന്റെ ശപഥങ്ങൾ. ഇനിമുതൽ താൻ പുഷ്‌പഹാരങ്ങൾ സ്വീകരിക്കില്ല, പാർട്ടി ഭരണത്തിലെത്തും വരെ തലപ്പാവും ധരിക്കില്ലെന്നാണ് സതീഷ് പൂനിയ പറയുന്നത്. 'കർഷകർക്കും യുവജനങ്ങൾക്കുമെതിരായുള‌ള ഈ കോൺഗ്രസ് സർക്കാരിനെ 2023ൽ പുറത്താക്കി പാർട്ടിയെ അധികാരത്തിലെത്തിച്ചിട്ടേ ഇനി അത്താഴം കഴിക്കൂ.' സതീഷ് പൂനിയ പറഞ്ഞു.

ജനങ്ങൾക്ക് അനുകൂലമായ നയം പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള‌ള പാർട്ടി ഇവിടെ അധികാരത്തിലെത്തുമെന്നും സതീഷ് പൂനിയ വിശ്വാസം പ്രകടിപ്പിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. എന്നാൽ 2018ൽ ശക്തമായി തിരിച്ചെത്തിയാണ് സംസ്ഥാനത്ത് ഭരണം പിടിച്ചത്.