
തിരുവനന്തപുരം: രണ്ടര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും 11 ലക്ഷം രൂപയുമായി ബീഹാർ സ്വദേശി പിടിയിലായി. ബീഹാർ സ്വദേശി അംജദ് മൻസൂരിനെയാണ് (27) ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
ചാലയ്ക്ക് സമീപം ഇയാൾ താമസിച്ചു വന്നിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളും, കറൻസി നോട്ടുകളും കണ്ടെടുത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ സിറ്റി പൊലീസ് നടത്തിവരുന്ന നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ വാട്ടർ ടാങ്കിലും മറ്റുമായി പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിയ നിലയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും 11 ലക്ഷം രൂപയും പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ വിറ്റുകിട്ടിയ പണമാണ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ടാക്സ് കൊടുക്കേണ്ടി വരുമെന്നതിനാലാണ് ഇയാൾ പണം വീട്ടിൽ സൂക്ഷിച്ചിരുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വ്യാപാരിയായ ഇയാൾ ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇവ എത്തിച്ചിരുന്നത്. ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐ ദിനേശ്, അജയകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സാബു, അനുരാജ്, പ്രമോദ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.