
ബീജിംഗ്: കൊവിഡ് പ്രതിസന്ധിയുടേയും മറ്റ് പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിൽ വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ഇന്നലെ ചൈനയിലെ ബീജിംഗിലെ കിളിക്കൂട് സ്റ്റേഡിയത്തിൽ (നാഷണൽ സ്റ്റേഡിയം) നടന്നു. മാർച്ച് പാസ്റ്റിൽ വിന്റർ ഒളിമ്പിക്സിൽ മത്സരിക്കുന്ന ഒരേഒരു ഇന്ത്യൻ താരം ആരിഫ് ഖാനാണ് ദേശീയ പതാകയെന്തിയത്. നാല് പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനീസ് സൈനീകൻ ദീപശേഖയേന്തുന്നതിനെ തുടർന്ന് ഇന്ത്യ വിന്റർ ഒളിമ്പിക്സിൽ നിന്ന് നയതന്ത്ര പിൻമാറ്റം പ്രഖ്യാപിച്ചിരുന്നു. ഉയിഗർ മുസ്ലീങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് അമേരിക്ക, ബ്രിട്ടൺ,കാനഡ ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നയതന്ത്ര ബഹിഷകരണം നടത്തിയിരുന്നു.
അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ, പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ എന്നിവർ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനൊപ്പം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. മത്സരങ്ങൾ രണ്ടാം തിയതി മുതൽ തുടങ്ങിയിരുന്നു.