sajeevan

ആലപ്പുഴ: സി പി എം പ്രവർത്തകൻ സജീവന്റെ തിരോധാനത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കഴിഞ്ഞ സെപ്തംബർ 29 മുതലാണ് മത്സ്യത്തൊഴിലാളിയായ സജീവനെ കാണാതായത്.

സജീവൻ പൊഴിമുഖത്തെ ഒഴുക്കിൽപ്പെട്ടുപോയതാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സിപിഎം പ്രാദേശിക നേതാവായ സജീവനെ ബ്രാഞ്ച് സമ്മേളനത്തിനിടെയാണ് കാണാതാവുന്നത്.

സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് സംശയങ്ങളാണ് കുടുംബത്തിനുള്ളത്. സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ചില നേതാക്കൾ സജീവനെ എങ്ങോട്ടോ മാറ്റി, അല്ലെങ്കിൽ കരിമണൽ വിരുദ്ധസമരത്തിൽ സജീവമായി പങ്കെടുത്തതിന് ചില ലോബികൾ തട്ടിക്കൊണ്ടുപോയെന്നുമാണ് ബന്ധുക്കളുടെ സംശയം.

സജീവന്റെ ഭാര്യ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വന്ന സജീവൻ, വേഗം വീട്ടിലെത്താൻ പൊഴി നീന്തിക്കടന്നുവെന്നും ഇതിനിടെ തിരയിൽപ്പെട്ട് കാണാതായെന്നുമാണ് അമ്പലപ്പുഴ പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.