dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എം ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ നടൻ ദിലീപിന്റെ ഡ്രൈവർ മംഗളൂരുവിലെ ഒരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച്. ഡ്രൈവർ അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചതിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്.

അപ്പുണ്ണിയുടെ ഫോണിൽ നിന്ന് ബൈജു പൗലോസിന്റെ വാഹനത്തിന്റെ നമ്പർ ദിലീപിന്റെ ഫോണിലേക്കും എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണ് കാറിന്റെ നമ്പർ അയച്ചിട്ടുള്ളത്.

ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ പി അനൂപിന്റെ കൈവശമായിരുന്നു ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ദിലീപ് പറഞ്ഞിരുന്നുവെന്നും, തിങ്കളാഴ്‌ചത്തെ ഹൈക്കോടതി വിധിക്ക് ശേഷം നടന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.