
കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്ക് മാറ്റി. ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നത് നിർത്തിയെന്ന് ഡോക്ടർമാർ അറിയിച്ചു.
വെന്റിലേറ്ററിൽ കിടന്ന ക്ഷീണം മാത്രമേ ഇപ്പോൾ സുരേഷിന് ഉള്ളൂ. പാമ്പിന്റെ കടി മൂലം ഉണ്ടായ മുറിവ് ഉണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നു. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നടന്നു.വാവ സുരേഷിനെ രണ്ട് ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
സുരേഷ് ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ പറഞ്ഞു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടിയെന്നും ഡോക്ടർമാർ അറിയിച്ചു.
മൂന്നു ദിവസത്തിനകം വാവ സുരേഷിന് ആശുപത്രി വിടാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ദിവസങ്ങൾക്ക് മുൻപാണ് കോട്ടയത്തെ ഒരു വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടയിൽ സുരേഷിന് തുടയിൽ കടിയേറ്റത്.