statue-of-equality

ന്യൂഡൽഹി: ആത്മീയാചാര്യനായ ശ്രീരാമാനുജാചാര്യരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച 216 അടി ഉയരമുള്ള 'സ്റ്റാച്യു ഒഫ് ഇക്വാളിറ്റി' ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഹൈദരാബാദിൽ നിന്നും 40കിലോമീറ്റർ അകലെയുള്ള രാമനഗറിലെ രാമാനുചാര്യ ക്ഷേത്രത്തിലാണ് ഈ പ്രതിമ പണികഴിപ്പിച്ചിരിക്കുന്നത്. ആയിരം കോടി രൂപ ചെലവിലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്.

120 കിലോ സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് എന്നീ അഞ്ച് ലോഹങ്ങൾ കൊണ്ടാണ് ' പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളിൽ ഒന്നാണ് 'സ്റ്റാച്യു ഒഫ് ഇക്വാളിറ്റി' . 'ഭദ്ര വേദി' എന്ന് പേരിട്ടിരിക്കുന്ന 54അടി ഉയരമുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പുരാതന ഗ്രന്ഥങ്ങൾക്കായുള്ള ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, ഒരു തീയേറ്റർ എന്നിവയാണ് ഈ കെട്ടിടത്തിൽ ഉള്ളത്. ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്ന ജീയർ സ്വാമിയാണ് ഈ പ്രതിമ നിർമിക്കുന്നതിനുള്ള ആശയം കൊണ്ടുവന്നത്.

വിശ്വാസം, ജാതി, മതം എന്നിവയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രീരാമാനുജാചാര്യ അക്ഷീണം പ്രയത്നിച്ചിരുന്നു. അദ്ദേഹത്തിന്റെ ആയിരം ജന്മവാർഷികത്തിന്റെ ഭാഗമായി 12 ദിവസത്തെ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ആഘോഷത്തിന്റെ ഭാഗമായാണ് പ്രതിമയുടെ ഉദ്ഘാടനം. പരിപാടിയിൽ ശ്രീരാമാനുജാചാര്യരുടെ ജീവിതയാത്രയെ കുറിച്ചുള്ള 3ഡി അവതരണം പ്രദർശിപ്പിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്ക് തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറിന്റെയും ഡിജിപി എം മഹേന്ദർ റെഡ്ഡിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നു.