goa-election

ന്യൂഡൽഹി: 2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയെ തകർത്ത് വിജയം നേടിയത് യഥാർത്ഥത്തിൽ തങ്ങളായിരുന്നുവെന്ന വിശ്വാസമാണ് കോൺഗ്രസിന് ഇത്തവണയും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നത്. അന്ന് 17 സീറ്റുകളിൽ വിജയിച്ച് വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസായിരുന്നു. ബി.ജെ.പിക്ക് ലഭിച്ചത് 15 സീറ്റ്. കോൺഗ്രസിന്റെ 17ൽ 15 പേരെയും അടർത്തിയെടുത്ത് ബി.ജെ.പി തുടർഭരണം നടപ്പിലാക്കി.

ഇത്തവണ ഭരണവിരുദ്ധ വികാരവും പാർട്ടിക്കുള്ളിലെ അസംതൃപ്തിയും ബി.ജെ.പിയെ വേട്ടയാടുമ്പോൾ ഗോവയിലെ പാർട്ടി മുഖമായിരുന്ന മനോഹർ പരീക്കറിന്റെ മകൻ ബി.ജെ.പിക്കെതിരെ മത്സരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ അടക്കം നിരവധി പേർ പാർട്ടി വിടുകയാണ്. ഇത്രയധികം പ്രതിസന്ധികൾ പാർട്ടി നേരിടുമ്പോഴും ഏറ്റവും ഒടുവിൽ നടന്ന ആറ് അഭിപ്രായ സർവേകളും പറയുന്നത് ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ്. ഒരുപക്ഷേ അത് അരക്കിട്ട് ഉറപ്പിക്കുന്നത് നാല് വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം മത്സരിക്കുന്ന പ്രതിപക്ഷം തന്നെ.

 സഖ്യനീക്കങ്ങളോട് പുറംതിരിഞ്ഞ് കോൺഗ്രസ്

ഗോവയിൽ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ് തുടങ്ങി ആരുമായും സഖ്യത്തിനില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഗോവ ഫോർവേഡ് പാർട്ടിയുമായി മാത്രമാണ് കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടത്. മമത ബാനർജി നേരിട്ടെത്തിയാണ് ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ തന്ത്രം മെനഞ്ഞത്. തങ്ങളുടെ ഉന്നത നേതാക്കളെ റാഞ്ചി പാർട്ടിയെ ശക്തിപ്പെടുത്താൻ നടത്തിയ നീക്കമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. പാർട്ടിയുടെ സമുന്നത നേതാവ് ലൂയിസിഞ്ഞോ ഫലീറയെ തൃണമൂലിൽ ചേർത്ത് ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമാക്കി. സിറ്റിംഗ് എം.എൽ.എയായ റെജിനാൾഡ് ലോറൻകോയെ ഉൾപ്പെടെ പലരെയും പാർട്ടിയിൽ ചേർത്തു. എന്നാൽ മത്സരിക്കാൻ നവേലിം സീറ്റ് ലഭിച്ചില്ലെന്നാരോപിച്ച്‌ ഫതോർഡ മണ്ഡലത്തിലെ മത്സരത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ലൂയിസിഞ്ഞോ ഫലീറ. തൃണമൂൽ വിട്ടേക്കുമെന്നും ശ്രുതിയുണ്ട്. ശിവസേന, എൻ.സി.പി സഖ്യമാകട്ടെ സീറ്റ് ചർച്ചകളിൽ ഉടക്കുകയും ചെയ്തു. മത്സരിച്ച് ഒരു സീറ്റ് മാത്രം ലഭിച്ച് ബാക്കിയെല്ലായിടത്തും കെട്ടിവച്ച പണം പോയ എൻ.സി.പിയെയും ഒരു ശതമാനത്തിൽ താഴെ വോട്ട് നേടി മത്സരിച്ച മുഴുവൻ സ്ഥലത്തും കാശ് കളഞ്ഞ ശിവസേനയെയും കോൺഗ്രസ് ഗൗരവത്തിലെടുത്തില്ല.

 വോട്ട് ശതമാനം കൂട്ടാൻ ആം ആദ്മി

ഭരണം പിടിക്കാൻ തുടക്കത്തിലേ ഒരുക്കം തുടങ്ങിയ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് പ്രവർത്തനം ശക്തമാക്കിയതോടെ അല്പം ഉൾവലിഞ്ഞ നിലയിലാണ്. പഞ്ചാബിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അരവിന്ദ് കെജ്‌രിവാളിന് ഗോവയിൽ പരമാവധി സീറ്റും വോട്ടും നേടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന പ്രമുഖ ദേശീയ കക്ഷിയുടെ സ്ഥാനം നേടുകയെന്ന ലക്ഷ്യമാണുള്ളത്.

 പരീക്കറിന്റെ തന്ത്രം ശക്തമാക്കി ബി.ജെ.പി

2012 മുതൽ മനോഹർ പരീക്കർ നടപ്പിലാക്കിയ ബി.ജെ.പി-കത്തോലിക്ക സൗഹൃദത്തിന് മങ്ങലേറ്റത് തുടർന്ന് മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിനുള്ള പ്രതിഛായയാണ്. ആർ.എസ്.എസുകാരനാണ് മുഖ്യമന്ത്രിയെന്ന് ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നു. 2002ലൊക്കെ മഹാരാഷ്ട്രാ ഗോമന്തിക് പാർട്ടിയുടെ പിൻബലത്തിൽ ഭരണത്തിലെത്തിയെങ്കിലും 2012ലാണ് പാർട്ടി തനിച്ച് 21 സീറ്റുകൾ നേടി ഭരണ കക്ഷിയായത്. സംസ്ഥാനത്ത് 26 ശതമാനത്തിലേറെ ജനസംഖ്യയുള്ള കത്തോലിക്കരെ അനുനയിപ്പിച്ച് പരീക്കർ നടത്തിയ സാമൂഹ്യ രസതന്ത്രമാണ് ബി.ജെ.പിയെ ഗോവയിലെ പ്രഥമശക്തിയാക്കിയത്. പരീക്കറിന്റെ തന്ത്രം കൂടുതൽ ശക്തിയോടെ നടപ്പിലാക്കാനാണ് പാർട്ടിയുടെ നീക്കം. ഇന്നേവരെയില്ലാത്ത തരത്തിൽ കത്തോലിക്ക വിഭാഗത്തിന് 12 സീറ്റുകളാണ് പാർട്ടി നീക്കിവച്ചത്. പരമ്പരാഗത വോട്ട് ബാങ്കിൽ അത് വിള്ളൽ സൃഷ്ടിക്കുമോയെന്നറിയണമെങ്കിൽ മാർച്ച് 10 വരെ കാത്തിരിക്കണം.