
വർഷം തോറും വരുന്ന കുംഭച്ചൂട് കഠിനമാണ്. ഈ വർഷവും പൂർവാധികം ശക്തമായിത്തന്നെ വരുന്നു കുംഭച്ചൂട്. നാടിന്റെയും നാട്ടാരുടെയും ദാഹനീരൂൾപ്പെടെ കുറയുന്ന കാലമാണ് വരാനിരിക്കുന്നത്. വേനൽ പകർച്ചവ്യാധികളുടെ കടുത്ത കാലം കൂടിയാണ്. ശ്രദ്ധിച്ചും പ്രതിരോധനടപടികളും മുൻകരുതലുകളും സ്വീകരിച്ചും വേനലിന്റെ വറുതിയെ നമുക്ക് വരുതിയിലാക്കാം.
ആഹാര പാനീയങ്ങളിലാണ് വേനൽക്കാലത്ത് അതീവശ്രദ്ധ പുലർത്തേണ്ടത്. തണുത്ത വെള്ളം , തണുത്ത ആഹാരങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. പത്തുമിനിട്ടെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ജീരകവെള്ളം, ചുക്കുവെള്ളം എന്നിവ വേനൽക്കാലത്ത് ഉത്തമമാണ് എന്നു മാത്രമല്ല, ഔഷധമൂല്യമേറിയ പാനീയങ്ങളുമാണ്. പഴകിയതും തുറന്നിരിക്കുന്നതുമായ ആഹാരങ്ങൾ കഴിക്കരുത്. ദിവസേന ശരാശരി പത്ത് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക.
വെയിലിനെതിരെ കരുതൽ
പകൽസമയങ്ങളിൽ പ്രത്യേകിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ശരീരത്തിൽ നേരിട്ട് സൂര്യന്റെ ചൂട് ഏൽക്കാതെ സൂക്ഷിക്കുക. നേരത്തേ ജോലികൾ ചെയ്ത് ഉച്ചസമയം കൂടുതൽ വിശ്രമത്തിനായി ഉപയോഗിക്കുക. പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ വെയിലേൽക്കുന്നത് ഒഴിവാക്കണം. ശരീരം പൂർണ്ണമായും മറയ്ക്കുന്ന നിലയിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. താപമേറ്റു തളർന്നാൽ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുക. കർച്ചീഫ്, സ്കാർഫ് എന്നിവ ഉപയോഗിച്ച് തലയും കൈകാലുകളും സൂര്യപ്രകാശമേൽക്കുന്നതിൽ നിന്ന് ഒഴിവാക്കുക. പാദരക്ഷകൾ ഉപയോഗിക്കുക. ഏറെനേരം ചൂടിൽ നിന്നിട്ട് പെട്ടെന്ന് തണുത്തവെള്ളം, ഫ്രിഡ്ജിൽ വച്ച ആഹാര പദാർത്ഥങ്ങൾ എന്നിവ കഴിക്കരുത്. ചൂടേറ്റ് വരുമ്പോൾ ശുദ്ധമായ വെള്ളം, കഞ്ഞിവെള്ളം , നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ ഉപയോഗിക്കുക. കൃത്രിമ ശീതളപാനീയങ്ങൾ പരമാവധി ഒഴിവാക്കുക.
പാനീയങ്ങളും ഐസ്ക്രീമും
പലപ്പോഴും പുറത്ത് നിന്ന് വാങ്ങിക്കഴിക്കുന്ന ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ മലിനമായ ജലത്തിലും സാഹചര്യത്തിലും തയ്യാറാക്കുന്നവയായതിനാൽ ഇവ ഏറ്റവും വിശ്വാസയോഗ്യമായ സ്ഥലങ്ങളിൽ നിന്ന് മാത്രം ഉപയോഗിക്കുക. പഞ്ചസാര ചേർത്ത് പഴച്ചാറുകൾ കഴിക്കുന്നത് ഒഴിവാക്കുക.
ജലം പാഴാക്കരുതേ
വീടുകളിലെ ടാപ്പുകൾ, മറ്റു ജലവിതരണ സംവിധാനങ്ങൾ, പൈപ്പുകൾ എന്നിവയുടെ ലീക്ക് ഒഴിവാക്കുക. വേനൽക്കാലങ്ങളിൽ ഷവർബാത്ത് ഒഴിവാക്കി ബക്കറ്റിൽ വെള്ളമെടുത്ത് കുളിക്കുക. ബാത്ത് ടബിലെ കുളി ഒഴിവാക്കുക. ഹോസ് ഉപയോഗിക്കുന്നതിനു പകരം ബക്കറ്റ് ഉപയോഗിച്ച് കുറച്ചുവെള്ളം മാത്രം ശേഖരിച്ച് വാഹനങ്ങൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക.
പൂന്തോട്ടം നനയ്ക്കുന്നത് പരമാവധി രാവിലെയോ സന്ധ്യയ്ക്കുശേഷമോ ആകുന്നതാണ് നല്ലത്. ശുദ്ധജലം കുടിവെള്ളത്തിനും ഗാർഹിക ആവശ്യങ്ങൾക്കും കുളിക്കുന്നതിനും മാത്രമായി ഉപയോഗിക്കുക. ബാത്ത്റൂമിലെ ഫ്ളഷ് സിസ്റ്റത്തിൽ ജലനിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കല്ലുകൾ നിക്ഷേപിക്കുക.
വേനൽമഴയെ ശേഖരിക്കൂ
വേനൽമഴയെ പരമാവധി കിണറുകൾ, സംഭരണികൾ ,ജലസ്രോതസുകൾ എന്നിവയിൽ സംഭരിക്കുക. ജലം ശേഖരിക്കുമ്പോൾ ജലമലിനീകരണം ഒഴിവാക്കി ജലശുദ്ധി ഉറപ്പുവരുത്തുക. ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കരുത്. ഇലകളും പാഴ്വസ്തുക്കളും ചെടികൾക്ക് പുതയിടുക.