dileep-mammootty

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസിനെ വകവരുത്താൻ എട്ടാംപ്രതി ദിലീപ് പദ്ധതിയിട്ടത് ദി ട്രൂത്ത് എന്ന മമ്മൂട്ടി സിനിമയെ അനുകരിച്ചെന്ന് പൊലീസ്. 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അനൂപിന് നൽകിയ നിർദ്ദേശത്തിലാണ് ട്രൂത്ത് സിനിമയുടെ ഇതിവൃത്തത്തിന് സമാനമായി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തണമെന്ന് പറയുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസാമ്പിളിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ രീതിയിലാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ബാലചന്ദ്രകുമാറും മൊഴി നൽകിയിട്ടുണ്ട്.പത്മസരോവരത്തിന് പുറമേ, എറണാകുളം രവിപുരത്തെ മേത്തർ അപ്പാർട്ട്‌മെന്റിലും ഓടുന്ന കാറിലുമാണ് ഗൂഢാലോചന നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് കാറിലെ ഗൂഢാലോചനയിൽ ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ബൈജു കെ. പൗലോസിനോട് സാറും കുടുംബവും സുഖമായി കഴിയുകയാണല്ലേയെന്നും ദിലീപ് പറഞ്ഞിരുന്നു.പ്രതികളുടെ ശബ്ദപരിശോധന തിങ്കളാഴ്ചയ്ക്കുശേഷം നടത്തും. അതേസമയം, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയെന്ന് സംശയിക്കുന്ന വി.ഐ.പി ശരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകും. ഒരുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. മുൻകൂർജാമ്യം തേടിയിരിക്കുകയാണ് ശരത്ത്. തിങ്കളാഴ്ച വിധി വന്നശേഷമായിരിക്കും നോട്ടീസ് നൽകുക.