chennithala

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളോടെ സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. അന്ന് താൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉയർത്തിയ ആരോപണങ്ങൾ പുച്ഛിച്ച് തള‌ളിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള‌ളതെന്നും ചെന്നിത്തല ചോദിച്ചു.

അന്ന് സ്‌പീക്കറായിരുന്ന ശ്രീരാമകൃഷ്‌ണന് കേസിലെ ബന്ധം സംശയാതീതമായി ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. അന്ന് സ്‌പീക്കർക്കെതിരെ അവിശ്വാസം പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. സ്വപ്‌നയുമായി സ്‌പീക്കർക്ക് അടുത്ത ബന്ധം അന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് ശ്രീരാമകൃഷ്‌ണൻ അതെല്ലാം നിഷേധിച്ചെങ്കിലും ഇന്ന് അത് സംശയാതീതമായി തെളിഞ്ഞു.

അന്ന് മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അത് ഇന്ന് തെളിയിക്കപ്പെട്ടു. അതിൽ സന്തോഷമുണ്ട്. അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വസ്‌തുതകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം ഉണ്ടാകണം. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്‌ത മുതിർന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാതെ സസ്‌പെൻഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശിവശങ്ക‌ർ അനുമതി വാങ്ങാതെയാണ് പുസ്‌തകമെഴുതിയത്. മുൻ ഡിജിപി 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്‌തകം എഴുതിയപ്പോൾ നടപടിയെടുത്ത സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാതിരിക്കാനുള‌ള എന്ത് കാരണമാണുള‌ളതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി സ്വപ്‌നയുടെ പ്രസ്‌താവനകളോട് പ്രതികരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെയും മറ്റുള‌ളവരെയും സഹായിക്കാനും സംരക്ഷിക്കാനുമാണ് ശിവശങ്കർ പുസ്‌തകമെഴുതിയത്. അതിനാൽ ഇവരെ സംരക്ഷിക്കാനുള‌ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അതിനാലാണ് ശിവശങ്കർ പുസ്‌തകമെഴുതിയിട്ടും നടപടിയെടുക്കാത്തതെന്ന് ചെന്നിത്തല ആരോപിച്ചു.