മായാനദിയിലൂടെ മലയാളുകളുടെ പ്രിയനായികമാരുടെ ലിസ്റ്റിൽ കയറിക്കൂടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള,വരത്തൻ തുടങ്ങി നിരവധി സിനിമകളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു.
ഇപ്പോഴിതാ പുതിയ ചിത്രമായ അർച്ചന 31 നോട്ടൗട്ടിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് താരത്തിന്റെ ആഗ്രഹം.

' എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട, ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് എനിക്ക് സൈഡിൽ കൂടെ പോയാൽ മതി. ഒരുപാട് പരിമിതികളിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോൾ അർച്ചനയായി മാറുമ്പോഴും ഞാൻ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാൻ നോക്കിയിട്ടുപോലുമില്ല. ഞാൻ ഭാഷ പിടിക്കാൻ പോയാൽ എന്റെ ഇമോഷൻ വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം. ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല.'- ഐശ്വര്യ വ്യക്തമാക്കി.
നല്ല സിനിമകളുടെ ഭാഗമാകണം, നടിയെന്ന നിലയിൽ ബെറ്ററാകണം...അത്രയേ ഉള്ളൂ എനിക്കിപ്പോൾ.അഭിനയ പ്രാധാന്യമുള്ള റോളുകൾ എനിക്ക് കിട്ടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതുപറയാൻ കഴിയും. എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ട്.'- നടി പറഞ്ഞു.
പണ്ട് ശോഭനയൊക്കെ ചെയ്ത വേഷങ്ങളും, ഇപ്പോൾ നയൻതാരയൊക്കെ ചെയ്യുന്ന വേഷങ്ങളുമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. സായി പല്ലവി ചെയ്യുന്നതുപോലെ തനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.