
കൊച്ചി: ദിലീപിനെതിരായി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനരോപണം. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10 വർഷം മുൻപ് ജോലി വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഒരു ചലച്ചിത്ര ഗാനരചയിതാവിന്റെ വീട്ടിൽ വച്ച് ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം യുവതിയെ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് നടനെതിരെ ഗൂഢാലോചന കേസ് ശക്തിപ്പെട്ടത്. എന്നാൽ എല്ലാം കെട്ടിച്ചമച്ച ആരോപണമാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്.
അതിനിടെ കേസിലെ നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന വിവരം പുറത്തുവന്നതോടെ ആക്രമിക്കപ്പെട്ട നടി വിഷയത്തിൽ പ്രധാനമന്ത്രിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടുണ്ട്. കേസിൽ വാദം പൂർത്തിയായി. തിങ്കളാഴ്‌ച വിധിയുണ്ടാകും.