
ഓയിൽ മസാജ് ചെയ്ത് കുളിക്കാനൊരുങ്ങുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. നായകളെ വളരെയധികം സ്നേഹിക്കുന്നവർക്ക് ഒരുപാട് സന്തോഷം തരുന്നവയാണ് ഈ ദൃശ്യങ്ങൾ. 'ടെെസു' എന്ന പേരുള്ള സെന്റ് ബെർണാഡ് ഇനത്തിൽപ്പെട്ട നായയുടെ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയുടെ ഉടമയായ സ്ത്രീ അതിന് ഓയിൽ മസാജ് ചെയ്തു കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
നിറയെ രോമമുള്ള ടെെസുവും അതിനെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കുന്ന സ്ത്രീയും നിലത്തിരിക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. സ്ത്രീ കുറച്ച് വെളിച്ചെണ്ണ എടുത്ത് നായയുടെ കട്ടിയുള്ള രോമങ്ങളിൽ പുരട്ടുന്നു. വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയുമാണ് അവരത് ചെയ്യുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും കാണാം. നായയും വളരെയധികം ആസ്വദിച്ച് ശാന്തമായാണ് ഇരിക്കുന്നത്.
'അമ്മ ചെയ്തു തരുന്ന ഓയിൽ മസാജ് ആരാണ് ഇഷ്ടപ്പെടാത്തത്?' എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം ആറ് ദിവസം മുമ്പ് പങ്കുവച്ച ഈ വീഡിയോ ഇതിനകം മുപ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തോളം ലൈക്കും നേടി. അമ്മയ്ക്ക് നായയോടുള്ള സ്നേഹത്തെ പറ്റിയും, നായയുടെ സൗന്ദര്യത്തെ പറ്റിയും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.