tesla

ടെക്‌സാസ്: നികുതിയിളവ് നൽകണമെന്ന ടെസ്‌ല സഹസ്ഥാപകനായ ഇലോൺ മസ്‌കിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെ പുതിയ പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സ‌ർക്കാർ. ഇന്ത്യയിൽ തന്നെ പ്രാദേശികമായി വാഹനങ്ങളുടെ യന്ത്രസാമഗ്രഹികൾ കൂട്ടിച്ചേർക്കുന്നതിനുള്ള വ്യവസ്ഥയുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. രാജ്യത്തെ നിരവധി മുൻനിര മുഖ്യധാരാ ആഡംബര കാർ നിർമാതാക്കൾ ഇത് പിന്തുടരുന്നുവെന്നും കേന്ദ്രം അവകാശപ്പെടുന്നു. ഇതോടെ ടെസ്‌ല ഇന്ത്യയിലെത്താൻ ഇനിയും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.

തീരുവകൾ പുനക്രമീകരിക്കേണ്ടതുണ്ടോ എന്ന് തങ്ങൾ പരിശോധിച്ചു. എന്നാൽ നിലവിലെ താരിഫ് ഘടന അംഗീകരിച്ച് കൊണ്ടുതന്നെ ചില നിക്ഷേപകർ എത്തിയിരിക്കുകയാണ്. ചില ആഭ്യന്ത ഉത്പാദനങ്ങളും നടക്കുന്നു. അതിനാൽ ഇക്കാരണങ്ങളല്ല ടെസ്‌ലയ്ക്ക് തടസമെന്ന് വ്യക്തമാണെന്നും സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ജോഹ്‌രി പറഞ്ഞു. ടെസ്‌ല മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ പാത പിന്തുടരണം. പൂർണമായും നിർമിച്ച യൂണിറ്റുകൾ ഇറക്കുമതി ചെയ്യുന്ന മറ്റ് കമ്പനികളുണ്ട്. മറ്റ് നിക്ഷേപകർക്ക് അംഗീകരിക്കാമെങ്കിൽ ചിലർക്ക് മാത്രമെന്തുകൊണ്ട് കഴിയുന്നില്ല. രാജ്യത്ത് ഇതേ താരിഫിൽ വിൽപ്പന നടത്തുന്ന നിരവധി വിദേശ ബ്രാൻഡുകളുണ്ടെന്നും വിവേക് ജോഹ്‌രി പറഞ്ഞു. മാത്രമല്ല സർക്കാർ നിർദേശിച്ചിട്ടും ഇന്ത്യയിൽ പ്രാദേശിക ഉത്പാദനത്തിനും സംഭരണത്തിനുമുള്ള പദ്ധതി ടെസ്‌ല ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ലാണ് ഇന്ത്യയിൽ തന്റെ ബ്രാൻഡ് അവതരിപ്പിക്കാനുള്ള താത്പര്യം ആദ്യമായി ഇലോൺ മസ്‌ക് വെളിപ്പെടുത്തുന്നത്. എന്നാൽ ഉയർന്ന തീരുവകൾ ടെസ്‌ല കാറുകളെ അഫോർഡബിൾ അല്ലാതാക്കുന്നത് ഇലോൺ മസ്‌കിനെ പിന്തിരിപ്പിച്ചു. മാത്രമല്ല ചൈനയിൽ നിർമിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കുന്നത് ഒഴിവാക്കാൻ ടെസ്‌ലയോട് ഒരു ഇന്ത്യൻ മന്ത്രി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മെഴ്‌സിഡസ് ബെൻസ് പോലുള്ള ബ്രാൻഡുകൾ രാജ്യത്ത് ഇലക്ട്രിക് കാറുകൾ പ്രാദേശികമായി അസംബിൾ ചെയ്യാനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നികുതിയിളവിനായി ടെസ്‌ല അഭ്യർത്ഥിക്കുന്നത്. മാത്രമല്ല സുസുക്കി, ഹ്യുണ്ടായി എന്നീ കമ്പനികളും ഇലക്ട്രിക് വാഹന വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ്.


നരേന്ദ്രമോദി സർക്കാർ ടെസ്‌ലയെ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകിയിരുന്നു. എന്നാൽ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നൂറ് ശതമാനം വരെ നികുതി കുറയ്ക്കണമെന്നാണ് ഇലോൺ മസ്‌ക് ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര ടെസ്‌ലയുടെ ആവശ്യങ്ങൾ പരസ്യമായി പിന്തുണച്ചിരുന്നു. എന്നാൽ കഴിഞ്ഞ കേന്ദ്ര ബ‌ഡ്‌ജറ്റിൽ ഇത് സംബന്ധിച്ച പരാമർശങ്ങളൊന്നുമുണ്ടായിരുന്നില്ല. അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി ടെസ്‌ലയെ ക്ഷണിച്ചിരുന്നു. പൂർണമായി നിർമിച്ച വാഹനങ്ങൾക്ക് പകരം താരതമ്യേന ഇറക്കുമതി തീരുവ കുറഞ്ഞ പകുതി നിർമിച്ച കാറുകൾ ഇറക്കുമതി ചെയ്യാനും കേന്ദ്ര സർക്കാർ ടെസ്‌ലയോട് നിർദേശിക്കുന്നു.