
മെൽബൺ: ആസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചു. ജൂണിൽ കരാർ അവസാനിക്കാനിരിക്കെ ക്രിക്കറ്റ് ആസ്ട്രേലിയയയുമായി ഭാവി സംബന്ധിച്ച് ചർച്ച ചെയ്തതിന് പിന്നാലെയാണ് ലാംഗറുടെ രാജി. അദ്ദേഹത്തിന്റെ കോച്ചിംഗ് ശൈലിയെക്കുറിച്ച് നേരത്തേ തന്നെ സീനിയർ താരങ്ങൾ ഉൾപ്പെടെ പരാതി ഉന്നയിച്ചിരുന്നു. പുതിയ ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസുമായി നല്ല ബന്ധത്തിലല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഹെഡ്മാസ്റ്റർ ശൈലിയാണ് താരങ്ങളുടെ അസന്തുഷഅടിക്ക് കാരണമായത്.
2018ലെ പന്തു ചുരുണ്ടൽ വിവാദത്തെ തുടർന്ന് ഡാരൻ ലേമാൻ രാജിവച്ചതിനെത്തുടർന്നാണ് ലാംഗർ ഓസീസ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിൽ ശിക്ഷണത്തിൽ ഓസീസ് പ്രതിസന്ധികളിൽ നിന്ന് തിരിച്ചുവരികയും ചെയ്തു. ചില തിരിച്ചടികൾ ഇടയ്ക്കുണ്ടായെങ്കിലും ട്വന്റി-20 ലോകകപ്പും ആഷസ് കിരീടവും സ്വന്തമാക്കി അദ്ദേഹത്തിന്റെ കീഴിൽ ആസ്ട്രേലിയ തകർപ്പൻ തിരിച്ചുവരവ് നടത്തുമ്പോഴാണ് അപ്രതീക്ഷിത രാജി.
നിലവിലെ സഹപരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡിന് താത്കാലി പരിശീലക സ്ഥാനം നൽകിയിട്ടുണ്ട്. റിക്കി പോണ്ടിംഗ്, മാത്യു ഹെയ്ഡൻ തുടങ്ങിയ പ്രമുഖരെല്ലാം അദ്ദേഹത്തെ ക്രിക്കറ്റ് ആസ്ട്രേലിയ പുറത്താക്കിയെന്ന ആരോപണവുാമായി രംഗത്തെത്തി.