asha-sharath

കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ സീരീസിന്റെ അഞ്ചാം ഭാഗത്തിൽ നടി ആശാ ശരത് വക്കീൽ വേഷത്തിൽ എത്തുന്നു. ആദ്യമായാണ് ആശാ ശരത് വക്കീൽ കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആദ്യ ഷെഡ്യൂളിലാണ് ആശാ ശരത് അഭിനയിച്ചത്. സേതുരാമയ്യരുടെ വേഷം ചെയ്യുന്ന മമ്മൂട്ടിയോടൊപ്പമുള്ള രംഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. സി.ബി.ഐ 5 ന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. മമ്മൂട്ടിയ്ക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയാണ് പുനഃരാരംഭിച്ചത്. പൂർണ വിശ്രമം കഴിഞ്ഞ് മമ്മൂട്ടി 8 ന് വീണ്ടും ചിത്രീകരണത്തിനായി എറണാകുളത്തെത്തും. മൂന്നാം ഷെഡ്യൂളിലാണ് ഇനി ആശാ ശരത് ജോയിൻ ചെയ്യുക.

കഴിഞ്ഞ നാല് സിനിമകളിലും സി.ബി.ഐ ഉദ്യോഗസ്ഥനായ വിക്രം എന്ന കഥാപാത്രമായി തിളങ്ങിയ ജഗതി ശ്രീകുമാർ ഈ ചിത്രത്തിലും അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചിത്രത്തിലെ അദ്ദേഹത്തിന്റെ രംഗങ്ങൾ തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയിൽതന്നെ ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജഗതിയുടെ രംഗങ്ങൾ എറണാകുളത്താകും ചിത്രീകരിക്കുക എന്നാണ് ഇപ്പോൾ അറിയുന്നത്.

മുകേഷ്, രൺജി പണിക്കർ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, മാളവിക മേനോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നാല് സി.ബി.ഐ സീരീസ് ചിത്രങ്ങൾക്കും രചന നിർവഹിച്ച എസ്.എൻ സ്വാമിയാണ് അഞ്ചാം ഭാഗത്തിന്റെയും രചയിതാവ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് സി.ബി.എ 5 നിർമ്മിക്കുന്നത്.