
തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് കേസിൽ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾക്ക് ആറ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയൊടുക്കാതിരുന്നാൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം.സംസ്ഥാനത്ത് ആദ്യമായാണ് ഒരു മനോരോഗ വിദഗ്ദ്ധൻ ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നത്.
പഠനത്തിൽ ശ്രദ്ധക്കുറവുളള 13കാരനെ മാതാപിതാക്കൾ ചേർന്ന് 2017 ഓഗസ്‌റ്റിൽ ഡോക്‌ടർ ഗിരീഷിന്റെ സ്വകാര്യ ക്ളിനിക്കിൽ കൊണ്ടുവന്നു. ഇവിടെവച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
മാതാപിതാക്കളെ മുറിയിൽ നിന്ന് പുറത്തിറക്കിയ ശേഷം കുട്ടിയെ പലതവണ ഇയാൾ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുകയും ചെയ്‌തു. ഇക്കാര്യം പുറത്തുപറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവം വീട്ടുകാർ ചൈൽഡ്‌ലൈനിൽ അറിയിച്ചു. പൊലീസ് കേസെടുത്തെങ്കിലും എഫ്‌ഐആറിനെതിരെ കോടതിയിൽ സമീപിക്കാൻ ഗിരീഷിന് സാധിച്ചത് പൊലീസിനെതിരെയും ആക്ഷേപത്തിനുമിടയാക്കി.
അതിവേഗ കോടതി ജഡ്‌ജി ആർ. ജയകൃഷ്‌ണനാണ് ഡോക്‌ടർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ചികിത്സയ്‌ക്കെത്തിയ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഗിരീഷ് പ്രതിയാണ്. ഈ കേസിൽ ഉടനെ വിചാരണ തുടങ്ങും. ചികിത്സ തേടിയെത്തിയ വിവാഹിതയായ സ്‌ത്രീയെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.