
രക്തസമ്മർദം അത് കുറഞ്ഞാലും കൂടിയാലും ശരീരത്തിന് ദോഷമാണ്. അതുകൊണ്ടു തന്നെ സൈലന്റ് കില്ലർ അഥവാ നിശബ്ദനായ കൊലയാളി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. രക്തം വഹിക്കുന്ന ധമനികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ രക്തസമ്മർദം കാരണമാകുന്നു. മാത്രമല്ല ദീർഘനാൾ ഇതിനായുള്ള മരുന്നുകൾ കഴിക്കുന്നത് ഹൃദ്രേഗം വരാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.
ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക, മദ്യപാനം പുകവലി തുടങ്ങിയവ ഒഴിവാക്കുക, ഭക്ഷണം ശരിയായ അളവിൽ കഴിക്കുക, വ്യായാമങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യവിദഗ്ദ്ധർ രോഗികൾക്കായി ശുപാർശ ചെയ്യുന്നത്. എന്നാൽ കഠിനമായ ഒരു പരിശ്രമവുമില്ലാതെ രക്തസമ്മർദം എങ്ങനെ ശരിയായ നിലയിലേയ്ക്ക് കൊണ്ടുവരാം എന്നതാണ് ഇനി പറയാൻ പോകുന്നത്.
ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ അനായാസമായി കുറയ്ക്കാം?

ഉപ്പിന്റെ അളവ് ഭക്ഷണത്തിൽ കുറയ്ക്കുകയും ശരിയായ രീതിയിലുള്ള വ്യായാമം ചെയ്യുന്നതും ഉയർന്ന രക്തസമ്മർദം കുറയ്ക്കാനുള്ള പ്രധാന വഴിയാണ്. എന്നാൽ ഒരു ഉപകരണത്തിന്റെയും ആവശ്യമില്ലാതെ രക്തസമ്മർദം കുറയ്ക്കാൻ ഒരു എളുപ്പവഴിയുണ്ട്. ചൂടു വെള്ളത്തിൽ കുറച്ചു സമയം കുളിച്ചാൽ മതി.
ചൂടുള്ള വെള്ളത്തിൽ കുളിച്ചു കഴിയുമ്പോൾ നിങ്ങളുടെ ശരീരം ചൂടാവുന്നു. ഇത് രക്തക്കുഴലുകളെ വികസിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിൽ രക്തം ശരിയായ രീതിയിൽ പമ്പ് ചെയ്യുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 45നും 59നും ഇടയിൽ പ്രായമുള്ള 30,000 ആളുകളിൽ 20വർഷത്തിനിടെ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനറിപ്പോർട്ട്. അമിതമായി കുളിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുമ്പോഴാണ് മറുവശത്ത് ഇങ്ങനെയൊരു ഗുണം കൂടിയുണ്ടെന്ന് തെളിയുന്നത്. കൂടാതെ ചൂടുവെള്ളത്തിൽ കുളിക്കുന്നതു കൊണ്ട് മറ്റ് ആരോഗ്യഗുണങ്ങളും ശരീരത്തിന് ലഭിക്കും. ദിവസേന ചൂടുവെള്ളത്തിൽ കുളിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത കുറവാണ്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും കുളിക്കുകയാണെങ്കിൽ പക്ഷാഘാതം വരാനുള്ള സാദ്ധ്യതയും കുറയും.
അമിതമായ രക്തസമ്മർദവും ഭക്ഷണക്രമവും

രക്തസമ്മർദം നിരീക്ഷിക്കുന്നതിന് സ്ഥിരമായി പരിശോധനകൾ നടത്തണം. നിങ്ങളുടെ ശരീരത്തിൽ രക്തസമ്മർദം 140mmg/Hgൽ കൂടുതലാണെങ്കിലാണ് നിങ്ങൾക്ക് അമിതമായ രക്തസമ്മർദം എന്ന് പറയുന്നത്. ഭക്ഷണക്രമത്തിൽ ലളിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ ഇത് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.
1. ഉപ്പിന്റെ അളവ് ഭക്ഷണത്തിൽ പരമാവധി കുറയ്ക്കുക.
2. നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
3. പയറും ബീൻസും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.