mammootty

ദുബായ്: യു എ ഇലെ ജനങ്ങൾക്ക് മലയാളികളെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ കേട്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞുവെന്ന് മമ്മൂട്ടി. ഫെബ്രുവരി 11 മുതൽ 17 വരെ നടക്കാനിരിക്കുന്ന ദുബായ് എക്‌സ്പോയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് എക്‌സ്പോയിലെ ഇന്ത്യൻ പവിലിയനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. നമുക്ക് നമ്മുടെ കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. മാത്രമല്ല നമ്മുടെ സംസ്കാരം ഈ രാജ്യത്തെ സംസ്കാരവുമായി കൈമാറാനും അവരുടെ സംസ്കാരവുമായി ഇടപഴകാനും സാധിക്കുന്നു.ഇന്ത്യൻ പവിലിയൻ ഒരുങ്ങുന്നതോടെ ഇത്തരമൊരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും നടൻ പറഞ്ഞു. പകുതി നൂറ്റാണ്ടോളമായി നമ്മുടെ ആൾക്കാർ ഇവിടെ ജീവിക്കുന്നു. ഇവിടത്തെ ജനങ്ങളുമായി സഹോദര തുല്യമായ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അവർക്ക് നമ്മളെ പറ്റിയുള്ള അഭിപ്രായം മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞുവെന്നും താരം പറ‌ഞ്ഞു.

മലയാളികളായ നമ്മളെ അവർ തങ്ങളുടെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത് എന്ന് കേട്ടപ്പോൾ വളരെ അഭിമാനം തോന്നി. ഇത്തരമൊരു വലിയ മേളയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബലപ്പെടുത്തുന്നതിനും ഒരുപാട് പരസ്പര പൂരകങ്ങളായ ഗുണങ്ങളുണ്ടാകാനിടയുള്ള അവസരമായി മേള മാറട്ടെയെന്ന് ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.