
മുംബയ്: നഷ്‌ടത്തിൽ കൂപ്പുകുത്തിയിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിട്ട് അധികനാൾ ആയിട്ടില്ല. ഓപ്പറേഷനുമായി ബന്ധപ്പെട്ടതും തൊഴിലാളി പ്രശ്‌നങ്ങളും ടാറ്റ ഏറ്റെടുത്തിട്ടും എയർ ഇന്ത്യയിൽ തുടരുക തന്നെയാണെന്നാണ് സൂചന.
എയർക്രാഫ്‌റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് ഇപ്പോൾ 'ടൂൾസ് ഡൗൺ പ്രക്ഷോഭം' പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ 1700 ടെക്‌നീഷ്യന്മാർ ഇത്തരത്തിൽ സമരം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എയർഇന്ത്യക്ക് കീഴിലെ കമ്പനിയായിരുന്ന എഞ്ചിനീയറിംഗ് സെർവീസസ് ലിമിറ്റഡു(എഐഇഎസ്എൽ)മായി സ്ഥിരനിയമന കരാറുളളവരാണ് സമരം ചെയ്യുന്നത്. എയർ ഇന്ത്യയിലെ എഞ്ചിനീയറിംഗ് ജോലികൾ ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുളള കമ്പനിയാണിത്.
എയർ ഇന്ത്യയുടെ കീഴിലുളളത് അഞ്ചോളം കമ്പനികളാണ്. ഇവയിൽ ഓപറേഷനുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളാണ് ടാറ്റയ്‌ക്ക് കൈമാറിയത്. ഇതിന് പിന്നാലെ എയർഇന്ത്യ എഞ്ചിനീയറിംഗ് സെർവീസസ് ലിമിറ്റഡ് എന്നതിൽ നിന്ന് എഐ എഞ്ചിനീയറിംഗ് സെർവീസസ് ലിമിറ്റഡ് എന്ന് എഐഇഎസ്എകമ്പനി പേര് മാറ്റിയിരുന്നു. നിലവിൽ ഇത് എയർ ഇന്ത്യയ്‌ക്ക് കീഴിലുളള സ്ഥാപനമല്ല. എന്നാൽ ഇപ്പോഴും സർക്കാർ ഉടമസ്ഥതയിൽ തന്നെയാണ് കമ്പനിയുളളത്.
അഞ്ച് വർഷത്തോളമായി കമ്പനിയിൽ ജോലി ചെയ്യുന്ന തങ്ങൾ ജോലിയിൽ പ്രവേശിച്ചപ്പോൾ തന്നെ സംഘടനാ പ്രവർത്തനം നടത്തില്ലെന്ന് കമ്പനി എഴുതി വാങ്ങിയിരുന്നതായാണ് സമരം പ്രഖ്യാപിച്ച ടെക്‌നീഷ്യന്മാർ അറിയിക്കുന്നത്. ഇക്കാരണത്താൽ തൊഴിൽപരമായ പ്രശ്‌നങ്ങൾ കമ്പനിയെ അറിയിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ശമ്പള പരിഷ്‌കരണം നടന്നിട്ടില്ല. 25,000 രൂപ മാത്രമാണ് ഇപ്പോഴും ശമ്പളം. അതിൽ 21,444 രൂപ മാത്രമാണ് കഴിഞ്ഞ മാസം ലഭിച്ചത്.
കരാർ പ്രകാരം ഫിക്‌സഡ് ടേം എംപ്ളോയ്‌മെന്റ് തൊഴിലാളികളാണ് ഇപ്പോൾ സമരം പ്രഖ്യാപിച്ചിരിക്കുന്ന ടെക്‌നീഷ്യന്മാർ. കേന്ദ്ര തൊഴിൽ വകുപ്പിന്റെ വിജ്ഞാപനപ്രകാരം തൊഴിൽ, വേതനം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾ ഇവർക്ക് സ്ഥിരം നിയമന ജോലിയുളളവരുടേതിന് തുല്യമായിരിക്കണമെന്നുളളപ്പോഴാണ് തുച്ഛമായ വേതനത്തിൽ തങ്ങൾക്ക് ജോലി ചെയ്യേണ്ടി വരുന്നതെന്നാണ് ടെക്‌നീഷ്യന്മാർ പറയുന്നത്.
തുച്ഛമായ ശമ്പളത്തിൽ നിന്നും പ്രൊഫഷണൽ ടാക്‌സും ഇൻഷുറൻസ് ചാർജും അടക്കം എടുത്തശേഷം ബാക്കി മാത്രമാണ് ലഭിക്കുന്നത്. എയർ ഇന്ത്യയിലും എച്ച് എ എല്ലിലും സമാനമായ ജോലി ചെയ്യുന്ന സർവീസ് എഞ്ചിനീയർമാർക്ക് തുല്യമായ ശമ്പളം ആവശ്യപ്പെട്ടെങ്കിലും അത് കമ്പനി അംഗീകരിച്ചില്ല.
ഇതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കമ്പനിയ്‌ക്ക് കത്ത് നൽകിയെങ്കിലും തുടർന്ന് കമ്പനി ആശാവഹമായ പ്രതികരണമല്ല നൽകിയതെന്നും ടെക്‌നീഷ്യന്മാർ പറയുന്നു. ലേബർ കമ്മീഷണർ വഴി ഫെബ്രുവരി രണ്ടിന് ചർച്ച നടത്തിയിട്ടും പരാജയപ്പെട്ടു. തുടർന്നാണ് സമരം ചെയ്യാനായി തീരുമാനമായത്. നിലവിൽ സമരവുമായി മുന്നോട്ട് പോകുന്നവരെ പിരിച്ചുവിടുന്നതിനടക്കം നടപടികൾ കമ്പനി കൈക്കൊളളാൻ തയ്യാറായിരിക്കുകയാണെന്നാണ് സമരമുഖത്തുളളവർക്ക് ലഭിച്ചിരിക്കുന്ന സൂചന.
60 ശതമാനം വരുന്ന ടെക്‌നീഷ്യന്മാർ പണിമുടക്കിയാൽ തീർച്ചയായും എയർ ഇന്ത്യയുടെ ദേശീയ, അന്തർദേശീയ സർവീസുകളെ അത് ഗുരുതരമായി ബാധിക്കും. എയർക്രാഫ്‌റ്റ് ഫ്യുവലിംഗ്, മാർഷലിംഗ്, അറ്റകുറ്റപണികൾ നടത്തുക എന്നിവയാണ് ടെക്‌നീഷ്യന്മാർ ചെയ്യുന്ന ജോലി. തൊഴിൽ കരാർ പുതുക്കുക, ക്ഷാമബത്ത ഉൾപ്പെടുത്തുക എന്നിങ്ങനെ കാര്യങ്ങളും ടെക്‌നീഷ്യന്മാർ ആവശ്യപ്പെടുന്നു.