df

ന്യൂഡൽഹി: സൂം മീറ്റിംഗിലൂടെ ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റർ.കോമിൽ നിന്നും കൂടുതൽ പേർ രാജിവയ്ക്കുന്നു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാറ പിയേഴ്സ്, സീനിയർ വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സാന്ത ഡോണാറ്റോ എന്നിവർ രാജിക്കൊരുങ്ങുന്നതായാണ് സൂചന. സി.ഇ.ഒയായി വിശാൽ ഗാർഗിന്റെ മടങ്ങിവരവാണ് ഇവരുടെ രാജികളിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഡിസംബറിൽ വിശാൽ ഗാർഗ് ജീവനക്കാരെ സൂം മീറ്റിംഗിലൂടെ പിരിച്ചുവിട്ടതിൽ ഇരുവർക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നടപടിക്കെതിരെ ഇരുവരും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിശാൽ ഗാർഗിന്റെ തീരുമാനത്തിന് പിന്നാലെ നിരവധി ഉദ്യോഗസ്ഥർ ബെറ്റർ.കോമിൽ നിന്നും രാജിവെച്ചിരുന്നു. കമ്പനി ​വൈസ് പ്രസിഡന്റ് പാട്രിക് ലെനിഹാൻ, പബ്ലിക് റിലേഷൻ മേധാവി താന്യ ഗിലോഗ്ലി, മാർക്കറ്റിങ് മേധാവി മെലാനിയ ഹാൻ എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഡിസംബറിലെ വിവാദ സൂം മീറ്റിംഗിന് പിന്നാലെ​ ബെറ്റർ.കോം സി.ഇ.ഒ വിശാൽ ഗാർഗ് ഒരു മാസം പദവിയിൽ നിന്നും മാറിനിന്നിരുന്നു.